കുമരകം കവണാറ്റിൻകര ടൂറിസം ജലമേള
പി ജി കർണൻ ജലരാജാവ്

38–ാമത് കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗം മത്സരത്തിൽ വൈഎസ്ബിസി കുമരകം തുഴഞ്ഞ പി ജി കർണൻ ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോൾ തുഴക്കാരുടെ ആഹ്ലാദം ഫോട്ടോ: മനു വിശ്വനാഥ്
കുമരകം
കവണാറ്റിൻകര ടൂറിസം ജലമേളയിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ കുമരകം വൈഎസ് ബിസി ബോട്ട് ക്ലബ്ബിന്റെ പി ജി കർണൻ ജലരാജാവായി. കവണാർസിറ്റി ബോട്ട് ക്ലബിന്റെ തുരുത്തിത്തറയെ ഇഞ്ചോടിഞ്ച് വിത്യാസത്തിൽ തോൽപിച്ചാണ് വാച്ചാപ്പറമ്പിൽ വി കെ രാഹുൽ ക്യാപ്‌റ്റനായ കർണൻ കീരിടം സ്വന്തമാക്കിയത്. ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തിൽ കുമരകം വാരിയേഴ്‌സ് ബോട്ട് ക്ലബിന്റെ അഭിജിത് വിശ്വനാഥൻ നയിച്ച വെണ്ണയ്‌ക്കലമ്മ വിജയിച്ചു. കുമരകം പിബിസിയുടെ ശ്രീമുത്തപ്പനെ തോൽപിച്ചാണ് വെണ്ണയ്‌ക്കലമ്മ വിജയിച്ചത്. വെപ്പ് ബി ഗ്രേഡിൽ കവണാർ സിറ്റി ബോട്ട് ക്ലബിന്റെ ഷനോജ് ഇന്ദ്രപ്രസ്ഥം ക്യാപ്‌റ്റനായ പി ജി കരിപ്പുഴ വിജയിച്ചു. തിരുവാർപ്പ് ബോട്ട് ക്ലബിന്റെ ചാമ്പ്യനെയാണ് തോൽപിച്ചത്. ചുരുളൻ വിഭാഗത്തിൽ മഞ്ചാടിക്കരി ബ്രദേഴ്‌സ് ക്ലബിന്റെ സെറിൻ മഞ്ചാടിക്കരി ക്യാപ്‌റ്റനായ കാശി വിജയിച്ചു. എംഎസ്‌സി കുമരകം ബോട്ട് ക്ലബിന്റെ കർണനെയാണ് പരാജയപ്പെടുത്തിയത്. ഒരാൾ തുഴയുന്ന വള്ളങ്ങളിൽ എം ബി സാബു ആറ്റുചിറ വിജയിച്ചു. സമ്മേളനം സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനും വള്ളംകളി നാട്ടകം സുരേഷ് എംഎൽഎയും ഉദ്‌ഘാടനം ചെയ്‌തു. ക്ലബ്ബ് പ്രസിഡന്റ് പി ബി അശോകൻ അധ്യക്ഷനായി. ക്ലബ്ബ് വൈസ് പ്രസിഡന്റ് അശോകൻ കരീമഠം പതാക ഉയർത്തി. ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, ഏറ്റുമാനൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി ഗോപി, അയ്‌മനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശിവ പ്രസാദ്, കുമരകം പഞ്ചായത്തംഗം സ്മിതാ ലാലു, അയ്‌മനം പഞ്ചായത്തംഗം ബിനുമോൾ അനിൽ, ആർപ്പൂക്കര പഞ്ചായത്തംഗം ആന്റപ്പൻ, കവണാറ്റിൻകര എബിഎം സ്‌കൂൾ പ്രഥമ അധ്യാപകൻ മനോജ് വി പോൾ, കോക്കനട്ട് ലഗൂൺ ജനറൽ മാനേജർ ആർ ഹരികൃഷ്‌ണൻ, എം എൻ ഗോപാലൻ തന്ത്രികൾ, സിയാദ് ബാഖവി, ക്ലബ് സെക്രട്ടറി കെ കെ ധർമജൻ, ട്രഷറർ എം കെ പൊന്നപ്പൻ എന്നിവർ സംസാരിച്ചു. കുമരകം എസ്‌എച്ച്‌ഒ പ്രസാദ് എബ്രഹാം വർഗീസ് സമ്മാനദാനം നിർവഹിച്ചു. ക്ലബ്ബ് വൈസ് പ്രസിഡന്റ് എം ജെ അജയൻ അധ്യക്ഷനായി. ക്ലബ്ബ് ജോയിന്റ് സെക്രട്ടറിമാരായ ബൈജു കൊച്ചുകളം, പി വി പ്രസേനൻ എന്നിവർ സംസാരിച്ചു. വള്ളംകളിക്ക് മുന്നോടിയായി വിരിപ്പുകാല ശക്തീശ്വരം ക്ഷേത്രത്തിൽ നിന്ന് ജലഘോഷയാത്ര ഉണ്ടായിരുന്നു. ഇരുട്ടുകുത്തി ഒന്നാം തരത്തിൽ വിജയിച്ച പി ജി കർണന് ശ്രീനാരായണ എവർ റോളിങ് ട്രോഫി നൽകി.









0 comments