ad
Deshabhimani

ഹിറ്റായി കുടുംബശ്രീ വിഷുച്ചന്ത

42 ലക്ഷം രൂപയുടെ 
വിറ്റുവരവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 18, 2026, 02:27 AM | 1 min read

കോട്ടയം ജില്ലയിലെ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു ചന്തകൾക്ക് മികച്ച പ്രതികരണം. ജില്ലയിലെ 78 സിഡിഎസുകൾ ഒരുക്കിയ വിഷു ചന്തകളിലൂടെ 42 ലക്ഷം രൂപയുടെ വിറ്റുവരവ്‌ നേടാനായി. ഏപ്രിൽ 10 മുതൽ 14 വരെ നടന്ന മേളകൾക്ക് തുടക്കം മുതൽ തന്നെ വലിയ ജനപിന്തുണ ലഭിച്ചു. വിഷുക്കാലം മുന്നിൽകണ്ട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളിലും നഗരസഭകളിലുമാണ്‌ മേളകൾ സംഘടിപ്പിച്ചത്‌. ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളും സൂക്ഷ്മസംരംഭങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും മേളയെ സമ്പന്നമാക്കി.പായസമേളയും പ്രത്യേക വിഷു കിറ്റുകളും മേളയിലെ പ്രധാന ആകർഷണങ്ങളായി. സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന കൃഷി ഗ്രൂപ്പുകൾ ഒരുക്കിയ തണ്ണിമത്തൻ, കണിവെള്ളരി, ചീര, പയർ തുടങ്ങിയ വിഷരഹിത കാർഷികോൽപ്പന്നങ്ങൾ വലിയ സ്വീകാര്യത നേടി. ഇതോടൊപ്പം ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ എന്നിവയും വിപണിയിൽ എത്തിച്ചു. ഓരോ സിഡിഎസുകളിലെയും സംഘകൃഷി യൂണിറ്റുകളുടെയും കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകളുടെയും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും വിപണനത്തിനായി ഒരുക്കി. പലഹാരങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ ലഭ്യമായി.ജെഎൽജി ഗ്രൂപ്പുകൾ ഒരുക്കിയ നാടൻ പച്ചക്കറികൾ ഉൾപ്പെടുത്തിയ വിഷു കിറ്റുകൾക്കും ആവശ്യക്കാരേറെയായിരുന്നു. കണിക്കൊന്നപ്പൂവ് മുതൽ വിവിധ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ കിറ്റുകളും വിപണിയിൽ ശ്രദ്ധ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home