ഓണമാകട്ടെ, ഉണ്ണാം തനത് രുചി

സ്വന്തം ലേഖിക
കോട്ടയം
മലയാളിയുടെ ഓണസദ്യക്ക് രുചികൂട്ടാനും അത്തപ്പൂക്കളത്തിന് മാറ്റ് കൂട്ടാനും നാടൻ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ വീണ്ടുമെത്തുന്നു. പൂർണമായും സുരക്ഷിതവും വിഷരഹിതവുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഓണക്കനി' പച്ചക്കറിക്കൃഷി പദ്ധതിക്കും ‘നിറപൊലിമ' പൂക്കൃഷി പദ്ധതിക്കും ജില്ലയിൽ തുടക്കമായി. 78 സിഡിഎസുകളുടെ നേതൃത്വത്തിൽ 1200 ഏക്കറിലാണ് ഇത്തവണ ഓണക്കനി പദ്ധതി വ്യാപിപ്പിക്കുന്നത്. പയർ, വെണ്ട, പടവലം, പാവൽ, വെള്ളരി, പീച്ചിങ്ങ, തക്കാളി, മത്തങ്ങ, കുമ്പളങ്ങ തുടങ്ങിയ വിവിധയിനം പച്ചക്കറികൾ പാടശേഖരങ്ങളിൽ വിളയിക്കും. കുടുംബശ്രീയുടെ വിവിധ പ്ലാന്റ് നഴ്സറികളിൽനിന്നും കൃഷിവകുപ്പിന്റെ നഴ്സറികളിൽ നിന്നുമാണ് കർഷകർക്ക് തൈകൾ ലഭ്യമാക്കുക. പ്ലാന്റ് നഴ്സറി ശൃംഖലയായ ജൈവിക പ്ലാന്റ് നഴ്സറികളുടെ ശാക്തീകരണവും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പ്രാരംഭ ചെലവുകൾക്കായി ഓരോ നഴ്സറികൾക്കും ബന്ധപ്പെട്ട സിഡിഎസുകളുടെ മുഖേന 25,000 രൂപ വീതം പലിശരഹിത വായ്പയും അനുവദിക്കുന്നുണ്ട്. 125 ഏക്കറിലാണ് നിറപൊലിമ പൂക്കൃഷി ഒരുക്കുന്നത്. ആദ്യഘട്ടം പ്രധാനമായും ബന്ദിപ്പൂക്കൃഷിക്കാണ് മുൻഗണന. പ്രാദേശികമായി ഉൽപ്പദിപ്പിക്കുന്ന പച്ചക്കറികളും പൂക്കളും വിപണിയിലെത്തിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് സുരക്ഷിത ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ വിപണനകേന്ദ്രങ്ങളിലൂടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. കഴിഞ്ഞ തവണ 159 ഏക്കറിൽ പൂകൃഷിയും 2,898 ഏക്കറിൽ പച്ചക്കറി കൃഷിയും നടത്തി.










0 comments