ad
Deshabhimani

print edition മുന്നണിയിൽ പറയുമെന്ന്‌ പി എം എ സലാം; കാവിവൽക്കരണം: 
മിണ്ടാട്ടംമുട്ടി ലീഗ്‌

p m a salam
വെബ് ഡെസ്ക്

Published on Jun 17, 2026, 01:10 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാർ സംഘപരിവാർ അജൻഡയ്‌ക്ക്‌ കീഴടങ്ങുന്നതിൽ മ‍ൗനം പാലിച്ച്‌ മുസ്ലിംലീഗ്‌. അണികൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടും ഉന്നത വിദ്യാഭാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെ പ്രതികരിക്കാൻ നേതൃത്വം തയ്യാറാകുന്നില്ല.


ചന്ദ്രിക പത്രത്തിന്റെ അക്ക‍ൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്‌തിരുന്നു. മലപ്പുറം ജില്ലയിൽ ലീഗ്‌ നിയന്ത്രണത്തിലുള്ള സഹകരണബാങ്ക്‌ ഇ ഡി നീരീക്ഷണത്തിലാണ്‌. ഇതിൽനിന്നെല്ലാം രക്ഷപ്പെടാനാണ്‌ മിണ്ടാതിരിക്കുന്നതെന്ന ആക്ഷേപം ഉയരുന്നു.


പിഎം ശ്രീ പദ്ധതി ലീഗ്‌ മന്ത്രിയെകൊണ്ട്‌ നടപ്പാക്കുമെന്ന ബിജെപി നേതാവ്‌ കെ സുരേന്ദ്രന്റെ വെല്ലുവിളിയ്‌ക്കും മറുപടിയില്ല. ഇതിനെതിരെ വാട്‌സാപ്പ്‌ ഗ്രൂപ്പിൽ അണികളുടെ പ്രതിഷേധം കനക്കുകയാണ്‌.


അതേസമയം, എല്ലാം യുഡിഎഫ്‌ യോഗത്തിൽ പറയുമെന്ന്‌ ലീഗ്‌ ജനറൽ സെക്രട്ടറി പിഎംഎ സലാം ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. യുഡിഎഫ്‌ നേതൃയോഗം അടിയന്തരമായി വിളിക്കാൻ ആവശ്യപ്പെടുമോയെന്ന ചോദ്യത്തോട്‌ അദ്ദേഹം പ്രതികരിച്ചില്ല.


അധികാരമേറ്റതുമുതൽ സംഘപരിവാർ നയങ്ങൾക്ക്‌ വഴങ്ങുകയാണ്‌ യുഡിഎഫ്‌ സർക്കാർ. ഇതിന്റെ അവസാന തെളിവാണ്‌ ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത് പങ്കെടുത്ത യോഗത്തിൽ കേരള, എംജി, മലയാളം സർവകലാശാല വിസിമാർ പങ്കെടുത്തത്‌.


ഇതിൽ മുഖ്യമന്ത്രി വി ഡി സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും ആദ്യം പ്രതികരിച്ചിരുന്നില്ല. എതിർപ്പ്‌ ശക്തമായതോടെ വി ഡി സതീശൻ ഫേസ്‌ബുക്ക്‌ പോസ്‌റ്റിട്ട്‌ മുങ്ങി. ലീഗ്‌ കാര്യമായി പ്രതികരിച്ചിട്ടില്ല. എല്ലാത്തിലും പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു മന്ത്രി കെ എം ഷാജിയുടെ വാക്കുകൾ.


ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും മിണ്ടിയിട്ടില്ല. നേരത്തെ ആർഎസ്‌എസ്‌ പ്രമുഖനായ ഡോ. മാവൂത്തിനെ എം ജി വിസിയാക്കിയപ്പോഴും സെനറ്റിൽ 19 ആർഎസ്‌എസുകാരെ നിയമിച്ചപ്പോഴും ഗവർണർക്കെതിരെ ലീഗ്‌ മിണ്ടിയിട്ടില്ല.


പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനും ലീഗ്‌ പച്ചകൊടി കാട്ടി. യുഡിഎഫ്‌ അധികാരത്തിൽവന്നാൽ പി എം ശ്രീ നടപ്പാക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നേരത്തെ പറഞ്ഞത്‌. ഗവർണർക്കും സർക്കാരിനുമിടയിലെ പാലമായി മോദി ഭക്തനായ ഡോ. ബി അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിലും ലീഗിന്‌ മ‍ൗനമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home