ad
Deshabhimani

വിപണന ശൃംഖല ഒരുക്കി കുടുംബശ്രീ

പൂവിടാം സദ്യയുണ്ണാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2026, 01:06 AM | 1 min read

കോട്ടയം

ഓണത്തെ വരവേൽക്കാൻ മലയാളിക്ക്‌ മുന്നിൽ വിപണന ശൃംഖലയുമായി കുടുംബശ്രീ. പൂക്കളും പച്ചക്കറികളും മാത്രമല്ല നിരവധി ഉൽപന്നങ്ങളുമായി വിപുലമായ വിപണന ശൃംഖലയാണ്‌ ഒരുക്കുന്നത്‌. ‘ഓണം കുടുംബശ്രീയോടൊപ്പം' ടാഗ് ലൈനിൽ 78 സിഡിഎസുകളിലായി 156 ഓണം വിപണനമേളകൾ സംഘടിപ്പിക്കും. സംരംഭകർക്ക് കൂടുതൽ വരുമാനവും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പ്രാദേശിക ഉൽപന്നങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. ​ഓരോ സിഡിഎസിലും മൂന്നുദിവസം വീതം നീളുന്ന രണ്ട് ഓണം വിപണനമേളകൾ 17 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ നടക്കും. കൂടാതെ ജില്ലാ ഓണം വിപണനമേള 20 മുതൽ 25 വരെ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ സംഘടിപ്പിക്കും. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും മേളകൾ. 2, 894 സംഘകൃഷി ഗ്രൂപ്പുകൾ 2, 021 ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. ഇതിൽ 951 സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുള്ള പച്ചക്കറികൾ, 928 ഗ്രൂപ്പുകളിലെ കിഴങ്ങുവർഗങ്ങൾ, 309 ഗ്രൂപ്പുകളിലെ പൂക്കൾ, 706 ഗ്രൂപ്പുകളിലെ നേന്ത്രക്കായകൾ എന്നിവ വിപണിയിലെത്തും. പ്രാദേശിക കാർഷികോൽപന്നങ്ങൾ, കുടുംബശ്രീയുടെ പാൽ, പാൽ ഉൽപന്നങ്ങൾ, നെയ്യ്, ഭക്ഷ്യോൽപന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, വിവിധ ഓണവിഭവങ്ങൾ എന്നിവയും പൊതുവിപണിയുമായി ബന്ധിപ്പിച്ച് ലഭ്യമാക്കും. സിഡിഎസുകൾ വഴി ഓണക്കിറ്റുകളും തയ്യാറാക്കി വിപണിയിലെത്തിക്കും. 350 രൂപ മുതൽ 750 രൂപ വരെയാണ്‌ വില. സദ്യ ബുക്കിങ്ങിനായി പ്രത്യേക കോൾ സെന്ററുകളും പ്രവർത്തിക്കും. ​ഉൽപന്നങ്ങൾ ഓൺലൈനായി വാങ്ങാൻ ‘പോക്കറ്റ്മാർട്ട്' ആപ്പും സജ്ജമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉൽപന്നങ്ങൾ ഓർഡർ ചെയ്യാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home