ad
Deshabhimani

വെള്ളംകുടി മുട്ടിക്കുന്ന "കട്ട്‌'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2026, 01:28 AM | 1 min read

കോട്ടയം ജനങ്ങളുടെ കുടിവെള്ളവും മുട്ടിച്ച്‌ പവർ കട്ട്‌. വാട്ടർ അതോറിറ്റിയുടെ പമ്പിങ്‌ മുടങ്ങുന്നതുമൂലം നിരവധി കുടുംബങ്ങളാണ്‌ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്‌. പകലും രാത്രിയിലും വൈദ്യുതി മുടങ്ങുന്നുണ്ട്‌. ദിവസവും മൂന്നും നാലും മണിക്കൂർ വൈദ്യുതി നിലയ്‌ക്കുന്നത്‌ ജല അതോറിറ്റിയുടെ പമ്പിങ്‌ ആകെ താറുമാറാക്കി. ജില്ലയിൽ എല്ലായിടത്തും പ്രതിസന്ധി രൂക്ഷമാണ്‌. ചൂട്‌ കൂടുകയും നദികളിലെ ജലനിരപ്പ്‌ വളരെ വേഗം താഴുകയും ചെയ്‌തിരുന്നു. ഇതുമൂലം പമ്പിങ്‌ വേണ്ടവിധം നടത്താൻ പാടുപെടുന്നതിനിടെയാണ്‌ വൈദ്യുതി മുടങ്ങുന്നത്‌. ഓരോ തവണ വൈദ്യുതി മുടങ്ങുമ്പോഴും പമ്പ്‌ വീണ്ടും പ്രവർത്തിക്കാൻ അരമണിക്കൂർ എടുക്കും. ഇടവിട്ട്‌ വൈദ്യുതി മുടങ്ങുന്നതോടെ പമ്പിങ് കൂടുതൽ സമയം തടസ്സപ്പെടും. വൈദ്യുതി മുടങ്ങുന്ന സമയത്തിന്‌ പുറമേ വീണ്ടും പന്പ്‌ പ്രവർത്തനക്ഷമമാകാൻ കുറഞ്ഞത്‌ അരമണിക്കൂർ കൂടി എടുക്കുന്നതിനാൽ മണിക്കൂറുകളോളം പന്പിങ് നടക്കില്ല. അതായത്‌, ദിവസം പലതവണ വൈദ്യുതി മുടങ്ങുന്നതിനാൽ മണിക്കൂറുകളോളം വെള്ളം കിട്ടാത്ത അവസ്ഥയാണ്‌ വീടുകളിൽ. എട്ട്‌ മണിക്കൂർകൊണ്ട്‌ നിറഞ്ഞിരുന്ന ജല അതോറിറ്റി ടാങ്കുകൾ ഇപ്പോൾ നിറയാൻ 12 മണിക്കൂർവരെ എടുക്കുന്നു. എന്നിട്ടും പൂർണശേഷിയിൽ പമ്പ്‌ ചെയ്യാൻ കഴിയുന്നില്ല. കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലും ഒരേപോലെ പമ്പിങ്‌ മുടങ്ങുന്നുണ്ട്‌. പമ്പുകൾ അധികസമയം പ്രവർത്തിക്കേണ്ടിവരുന്നത്‌ വാൽവും മറ്റും കേടാകാൻ കാരണമാകുന്നു. ഇത്‌ രണ്ട്‌ ദിവസംവരെ പമ്പിങ്‌ മുടങ്ങാൻ കാരണമാകുന്നു. ഇതിനകം നിരവധിയിടങ്ങളിൽ വാൽവ്‌ മാറ്റിവയ്‌ക്കേണ്ടിവന്നു. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കുള്ള ജലവിതരണം മുടങ്ങുന്നത്‌ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home