പ്രവാസി പെൻഷനും സ്വാഹ

കോട്ടയം യുഡിഎഫ് സർക്കാർ ആറാം മാസത്തിലെത്തിയപ്പോൾ എൽഡിഎഫ് സർക്കാർ പത്ത് വർഷം മുടക്കമില്ലാതെ നൽകിയ പ്രവാസി ക്ഷേമ പെൻഷനും കിട്ടാനില്ല. നാല് മാസമായി പ്രവാസി ക്ഷേമ പെൻഷൻ കുടിശികയാണ്. ജില്ലയിൽ നൂറുകണക്കിന് കുടുംബങ്ങളാണ് പ്രയാസത്തിലായത്. 60 വയസ് പൂര്‍ത്തിയായതും അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അംശദായം അടച്ചിട്ടുള്ളതുമായ പ്രവാസികൾക്കാണ് പ്രവാസി ക്ഷേമ ബോർഡ് മുഖേന പെൻഷൻ നൽകുന്നത്. അംഗത്വ കാലയളവനുസരിച്ച് പരമാവധി 7,000 രൂപ വരെ പെന്‍ഷന്‍ നൽകുന്നു. ആശ്വാസ പദ്ധതികളുമില്ല പെൻഷന് പുറമേ ബോർഡിന്റെ മറ്റ് സഹായ, സമാശ്വാസ പദ്ധതികളും നിലച്ചു. ചികിത്സാ സഹായം ഉൾപ്പെടെയുള്ള വിവിധ ധനസഹായ പദ്ധതികളുടെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അർഹരായവർക്ക് സമയബന്ധിതമായി സഹായം ലഭിക്കുന്നില്ല. പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാനായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ നോർക്ക കെയർ ഇൻഷുറൻസിന്റെ പ്രീമിയം തുക യുഡിഎഫ് സർക്കാർ ഭീമമായി കൂട്ടി. നോർക്ക സാന്ത്വനം പദ്ധതിയിലൂടെ നൽകിവന്ന സഹായവും നിലച്ചു. രോഗം, അപകടം, മരണം, സാമ്പത്തിക പ്രയാസങ്ങൾ തുടങ്ങിയ ദുരിത സാഹചര്യങ്ങളിൽ താങ്ങാകുന്നതായിരുന്നു ഇൗ പദ്ധതി. മടങ്ങിയെത്തിയ പ്രവാസി സംരംഭകരെ സഹായിക്കാൻ നടപ്പാക്കിയ പ്രവാസി വായ്പാ പദ്ധതിയിൽ നൽകിയിരുന്ന സബ്സിഡിയും നിലച്ചു. സ്വയംതൊഴിൽ കണ്ടെത്താൻ ആഗ്രഹിച്ചവർക്ക് ഇത് വലിയ ആശ്വാസമായിരുന്നു. കോവിഡ് കാലത്ത് ബോർഡ് മുഖേന നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കി. യുഡിഎഫ് വന്നതോടെ ബോർഡിന് സാന്പത്തിക സഹായങ്ങൾ നിലച്ചു. ബജറ്റിലും അർഹമായ തുക നീക്കിവച്ചില്ല.









0 comments