Deshabhimani

ജൈവകൃഷിയുടെ കരുത്തിൽ മണ്ണിനൊപ്പം

താരംതട്ട വി മധുസൂദനൻ കൃഷി ചെയ്ത പയർ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നു
വെബ് ഡെസ്ക്

Published on Nov 20, 2026, 03:00 AM | 1 min read

കുണ്ടംകുഴി മണ്ണിനെ അറിഞ്ഞ് കൃഷിയെ ജീവിതത്തോടു ചേർത്തുവച്ച കാൽനൂറ്റാണ്ടിന്റെ അനുഭവ സന്പത്തുണ്ട്‌ താരംതട്ടയിലെ വി മധുസൂദനന്‌. ചെങ്കൽ തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന മധുസൂദനൻ അച്ഛന്റെ പാത പിന്തുടർന്നാണ് കാർഷിക മേഖലയിലേക്ക് എത്തിയത്. ഒരേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നത്. പയർ, ഞരമ്പൻ, പാവയ്ക്ക, ചീര, വഴുതന, മത്തൻ തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങൾ. സ്വന്തമായുള്ള രണ്ടേക്കർ സ്ഥലത്ത് ബേഡകം തെങ്ങ്, കേരശ്രീ, ടിഇന്റുടി ഇനങ്ങളിലുള്ള തെങ്ങുകളും കരക്കവുങ്ങ്, മംഗള തുടങ്ങിയ കവുങ്ങിനങ്ങളും പരിപാലിക്കുന്നു. അടുത്തഘട്ടത്തിൽ കൂടുതൽ ഫലവൃക്ഷങ്ങൾ നട്ടുവളർത്താനാണ് തീരുമാനം. ​ജൈവകൃഷിക്കാണ് പ്രധാന്യം നൽകുന്നത്. ചാണകം, പിണ്ണാക്ക് മിശ്രിതം, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവയാണ് പ്രധാന വളങ്ങൾ. മണ്ണിന്റെ സ്വാഭാവികത നിലനിർത്തി സുരക്ഷിതമായ ഉൽപ്പാദനം ഉറപ്പാക്കുകയാണ് ലക്ഷ്യം. തുടർച്ചയായ പന്നിശല്യം കാരണം ചേന, ചേമ്പ്, കപ്പ തുടങ്ങിയ കിഴങ്ങുവർഗങ്ങളുടെ കൃഷി ഉപേക്ഷിക്കേണ്ടിവന്നു. ​കാലാവസ്ഥാ വ്യതിയാനം, ജലലഭ്യതക്കുറവ്, മയിൽശല്യം എന്നിവയാണ് കൃഷി നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഉൽപ്പാദനം വർധിപ്പിക്കാനും കർഷകരെ നിലനിർത്താനും സർക്കാർ ആവശ്യമായ സബ്സിഡി അനുവദിക്കണമെന്നാണ് മധുസൂദനന്റെ അഭിപ്രായം. ​കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 2006ൽ കലക്ടറിൽനിന്ന് ജില്ലയിലെ മികച്ച കർഷകനുള്ള പുരസ്കാരം നേടി. ദേശാഭിമാനിയും മലബാർ ഗോൾഡും ചേർന്ന് ഏർപ്പെടുത്തിയ സംസ്ഥാനതല മികച്ച കർഷക പുരസ്കാരവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ മികച്ച ജൈവകർഷകനുള്ള പുരസ്കാരവും ലഭിച്ചു. ​പുതുതലമുറ കൃഷിയിലേക്ക് കടന്നുവരണമെന്നും എല്ലാ വീടുകളിലും അടുക്കളത്തോട്ടം ഉണ്ടാകണമെന്നുമാണ് മധുസൂദനന്റെ ആഗ്രഹം. കൃഷി ഒരു വരുമാനമാർഗം മാത്രമല്ലെന്നും ഭക്ഷ്യസുരക്ഷയുടെയും സ്വയംപര്യാപ്തതയുടെയും അടിത്തറയാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ​കാർഷികപ്രവർത്തനങ്ങൾക്ക് കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്. അമ്മ നാരായണി, ഭാര്യ ജതി, മക്കളായ അമൽദേവ്, അമൽദിയ എന്നിവരാണ് കുടുംബാംഗങ്ങൾ. ബേഡഡുക്ക പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം മകൻ അമൽദേവിനും ലഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home