‘കമീഷൻ' കെണി; രോഗികളെയും മദ്യപരെയും വലയിലാക്കി മാഫിയ

മുള്ളേരിയ വയോധികരെയും നിരാലംബരെയും കരുവാക്കി മലയോര മേഖലയിൽ തഴച്ചുവളരുന്ന ബാങ്ക് സൈബർ തട്ടിപ്പിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാസർകോട്, കാറഡുക്ക, കാടകം പ്രദേശത്തുമാത്രം നിരവധി പേരാണ് ഇതിനകം തട്ടിപ്പുസംഘത്തിന്റെ ചതിക്കുഴിയിൽ വീണിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഈയൊരു ചെറിയ പ്രദേശത്തുനിന്നുമാത്രം ഇരുപതിലധികം പേരാണ് തട്ടിപ്പുകാർക്കായി ബാങ്ക് അക്കൗണ്ടുകൾ തുറന്നുനൽകിയത്. കാസർകോട് ജില്ലയ്ക്ക് പുറത്തുനിന്നുള്ള, പ്രത്യേകിച്ച് കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്നുള്ള സംഘമാണ് പ്രാദേശിക ഇടനിലക്കാരുടെ സഹായത്തോടെ മലയോര ഗ്രാമങ്ങളിൽ വലവിരിച്ചിരിക്കുന്നത്. അപകടത്തിൽപ്പെട്ടയാൾക്കും സഹായക്കെണി! റോഡപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്പതുകാരനെപ്പോലും തട്ടിപ്പുസംഘം വെറുതെവിട്ടില്ല. ഇയാളുടെ പേരിൽമാത്രം കേരള ബാങ്ക്, കർണാടക ബാങ്ക്, കേരള ഗ്രാമീണ ബാങ്ക്, കാനറാ ബാങ്ക് എന്നിവയുടെ വിവിധ ശാഖകളിലായി നാല് അക്കൗണ്ടുകളാണ് സംഘം ഉണ്ടാക്കിയെടുത്തത്. ചികിത്സയ്ക്കുശേഷം പണം വാഗ്ദാനംചെയ്താണ് ഇയാളെ സമീപിച്ചത്. അക്കൗണ്ടുകൾ വഴിയുള്ള ഒടിപികളും നോട്ടിഫിക്കേഷനുകളും അക്കൗണ്ട് ഉടമ അറിയാതിരിക്കാൻ ഇയാളുടെ പേരിൽ നാല് പുതിയ സിം കാർഡുകൾ എടുത്തുനൽകി. പാൻ കാർഡും പുതുതായി എടുത്തുനൽകി. പുതിയ ആളെ ചേർത്താൽ ‘ബോണസ്’ കമീഷൻ അക്കൗണ്ട് ഉടമയ്ക്ക് ആയിരംമുതൽ രണ്ടായിരംരൂപവരെയാണ് സംഘം ‘കമീഷൻ’ ആയി നൽകുന്നത്. ഇങ്ങനെ വീഴുന്നവർ പുതിയ ആളുകളെ തട്ടിപ്പ് സംഘത്തിന് പരിചയപ്പെടുത്തിക്കൊടുത്താൽ അവർക്ക് പ്രത്യേക ബോണസ് കമീഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ചങ്ങലക്കണ്ണികളിലൂടെയാണ് തട്ടിപ്പ് അതിവേഗം പടരുന്നത്. മദ്യപിക്കാനും നിത്യചെലവുകൾക്കുമുള്ള തുക ലക്ഷ്യമിട്ടാണ് ചിലർ നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇതിന് കൂട്ടാളികളാകുന്നത്. എന്നാൽ, ഇത്തരം അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെയും കോടികളുടെയും അനധികൃത ഇടപാടുകൾ നടന്ന് സൈബർ പൊലീസിന്റെ പിടിയിലാകുമ്പോൾ ഈ ഏജന്റുമാരോ സഹായികളോ കൂടെയുണ്ടാകില്ലെന്നതാണ് പച്ചയായ യാഥാർത്ഥ്യം. പൊലീസ് അന്വേഷണമില്ല; തട്ടിപ്പ് നിർബാധം ബാങ്കുകളിൽ വയോധികരെയും സാധാരണക്കാരെയും എത്തിച്ച് കൂട്ടത്തോടെ അക്കൗണ്ടുകൾ ആരംഭിക്കുന്ന സംഘങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താതിരിക്കുന്നതിനാൽ തട്ടിപ്പിന്റെ വേഗം കൂടുന്നു. ഈ തട്ടിപ്പ് കണ്ണിയിൽ കഴിഞ്ഞ മാസങ്ങളിൽ തന്നെ നിരവധി ആളുകളാണ് കുടുങ്ങിയത്. കേരളത്തിന് പുറത്തുള്ള സൈബർ തട്ടിപ്പുകാർക്ക് പണം മാറ്റാനുള്ള ‘മ്യൂൾ അക്കൗണ്ടുകൾ’ (പണം കടത്താനുള്ള അക്കൗണ്ടുകൾ) ആയിട്ടാണ് ഇവ ഉപയോഗിക്കുന്നത്. ഇത്തരം കേസുകളിൽ അക്കൗണ്ട് ഉടമകളാണ് ഒന്നാം പ്രതികളാകുകയെന്നും വൻ നിയമക്കുരുക്കുകളിൽ പെട്ടുപോകുമെന്നും നിയമവൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഒടിപി നമ്പറുകൾ വരാൻ പുതിയ സിം എടുക്കുന്നതും എടിഎം കാർഡുകൾ മറ്റുള്ളവർക്ക് കൈമാറുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. തുച്ഛമായ കമ്മീഷൻ തുകയ്ക്ക് വേണ്ടി സ്വന്തം പേരിൽ അക്കൗണ്ടുകൾ എടുത്തുനൽകുന്ന സാധാരണക്കാർ ഭാവിയിൽ വലിയ നിയമനടപടികളും ജയിൽവാസവും നേരിടേണ്ടി വരും. മലയോര മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം ഏജന്റുമാരെയും ബാങ്കുകളിലെ സംശയാസ്പദമായ ഇടപാടുകളെയും കുറിച്ച് പൊലീസും ബാങ്ക് അധികൃതരും അടിയന്തരമായി അന്വേഷണം നടത്തി തട്ടിപ്പ് സംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.








0 comments