കെഎസ്ഇബിയിൽ കരാർ തൊഴിലാളികൾക്ക് കൂലിയില്ല

കോട്ടയം
അഞ്ച് മാസമായിട്ടും ചെയ്‌ത ജോലിക്ക് പണം ലഭിക്കാതെ കെഎസ്ഇബി കരാറുകാരും തൊഴിലാളികളും. കെഎസ്ഇബിയുമായി ബന്ധപ്പെട്ട ജോലികൾക്ക് രണ്ട് മാസത്തിനുള്ളിൽ ബില്ല് മാറി പണം നൽകുന്നതായിരുന്നു രീതി. കഴിഞ്ഞ അഞ്ച് മാസമായിട്ടും ബില്ല് മാറാത്തത്തോടെ പ്രതിസന്ധി രൂക്ഷമായി. ഒക്ടോബർ 15ന് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മീറ്റർ റീഡിങ് ജോലി ചെയ്യുന്ന കരാർ തൊഴിലാളികൾക്ക് ഒന്പത് മാസത്തെ വേതന കുടിശിക നൽകാമെന്നും പെറ്റി കോൺട്രാക്ട് ബില്ലുകൾ ഉടൻ നൽകാമെന്നും ഉറപ്പ് ലഭിച്ചിരുന്നു. ഈ ഉറപ്പ് പാലിക്കാതെ വന്നതോടെ പണിമുടക്കാനൊരുങ്ങുകയാണ് കരാറുകാരും തൊഴിലാളികളും. ഒരു കരാറുകാരന്റെ കീഴിൽ 10 മുതൽ 25 വരെ തൊഴിലാളികളാണ് ദിവസേന പണിയെടുക്കുന്നത്. ജില്ലയിൽ ആയിരത്തിലധികം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. മഴക്കാലത്ത് വൈദ്യുതി ലൈനിന് മുകളിൽ മരം വീഴുന്പോഴും മറ്റും ലൈൻ പൂർവസ്ഥിതിയിലാക്കാനുള്ള ജോലി ചെയ്യുന്നത് ഇത്തരം കരാറുകാരാണ്. പണം കിട്ടാതായതോടെ ജോലി ഏറ്റെടുക്കാനും കരാറുകാർ മടിക്കുകയാണ്. യഥാസമയം ബില്ല് മാറാത്തതോടെ ബാധ്യത താങ്ങാനാകാതെ ഭൂരിഭാഗം കരാറുകാരും പണി ഉപേക്ഷിച്ച് ഈ രംഗത്തുനിന്ന് മാറുകയാണ്. ജില്ലയിലെ പല സെക്ഷനുകളിലും പണികൾ മുടങ്ങിയ സ്ഥിതിയാണ്. കരാറുകാരിൽ പലരും വലിയ കടക്കെണിയിലുമാണ്. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇലക്‌ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്‌സ് അസോസിയേഷൻ(സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.









0 comments