കോട്ടയം നഗരസഭയുടെ ഓഡിറ്റിൽ ഗുരുതര ക്രമക്കേട്

കോട്ടയം വ്യക്തമായ രേഖകളില്ല, കണക്കുകളിലെല്ലാം വ്യാപക പൊരുത്തക്കേട്, കോട്ടയം നഗരസഭയുടെ ഓഡിറ്റിൽ ഗുരുതരക്രമക്കേട് കണ്ടെത്തി അധികൃതർ. 2024– 25 ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകൾ അക്കമിട്ട് പറയുന്നത്. നഗരസഭ ജീവനക്കാരനായിരുന്ന അഖിൽ സി രവീന്ദ്രൻ കോടികൾ തട്ടിയ രീതിയിലാണ് ഇവിടുത്തെ കണക്കുകൾ ഇന്നും തുടരുന്നതെന്നാണ് ഗുരുതര ആരോപണം. കണക്കുളിൽ മാസാന്ത്യ, വർഷാന്ത്യ റിക്കൺസിലിയേഷൻ നടത്തുന്നില്ല എന്ന ഗുരുതര ആരോപണമാണ് ഓഡിറ്റിൽ ഉന്നയിക്കുന്നത്. വരവ്, ചെലവ് കണക്കുകൾ ക്രോഡീകരിച്ച് റിക്കൺസിലിയേഷൻ ചെയ്ത് ക്ലോസിങ്ങ് ബാലൻസുകൾ കൃത്യമാക്കിയിട്ടില്ല. 2024 – 25 സാമ്പത്തിക വർഷത്തെ ക്ലോസിങ് ബാലൻസിൽ വലിയ തുകയുടെ വ്യത്യാസവും കണ്ടെത്തി. റെസിപ്റ്റ് ആൻഡ് പേമെന്റിൽ വിവിധ തലക്കെട്ടുകളിലായി വലിയ തുകകൾ നൽകി കണക്ക് അഡ്‌ജസ്റ്റ് ചെയ്തിരിക്കുകയാണ്. കെ സ്‌മാർട്ടിൽ നൽകിയിട്ടുള്ള ഓപ്പണിങ് ബാലൻസ് കൃത്യമല്ല. നിലവിൽ പല അക്കൗണ്ടുകളുടെ ക്ലോസിങ് ബാലൻസ് പൊരുത്തപ്പെടുന്നില്ല. പെൻഷൻ വിതരണ സംവിധാനം കാര്യക്ഷമമല്ലെന്നും ഇത് സാമ്പത്തിക ക്രമക്കേടിലേക്ക് നയിക്കുന്നു എന്നും ഓഡിറ്റ് പറയുന്നു. അഖിലിന്റെ കാലത്തേ് പോലെ പെൻഷൻ വിതരണ രജിസ്‌റ്റർ, പെൻഷൻ വിതരണം, വൗച്ചറുകൾ എന്നിവ കൃത്യമായി സൂക്ഷിക്കുന്നില്ല. വൗച്ചറുകളുടെ സൂക്ഷിപ്പിലെ ക്രമക്കേട്, അക്കൗണ്ടിങ് ശരിയായ രീതിയിൽ നിർവഹിക്കപ്പെടുന്നില്ല, രജിസ്‌ട്രറുകൾ കൃത്യമായി സൂക്ഷിക്കുന്നില്ല, സെക്ഷനുകളുടെ ജോലി നിർവഹണം ശരിയായി മോണിട്ടർ ചെയ്യുന്നില്ല എന്നതടക്കം ഓഡിറ്റ് എടുത്ത് പറയുന്നു. ശുചിത്വമിഷൻ ഗ്രാന്റ് ബാലൻസ് കണക്കിലും വലിയ ക്രമക്കേടുണ്ട്. ബാങ്ക് ബാലൻസിൽ കാണിച്ചിരുന്ന തുകയിലാണ് ലക്ഷങ്ങളുടെ വിത്യാസം. കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ചെയർപേഴ്‌സന്റെയും ചില ഉദ്യോഗസ്ഥരുടെയും ഇടപെടലിൽ ഉണ്ടായിരുക്കുന്നത്. ക്രമക്കേടുകൾ കണ്ടെത്തി അതിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം നഗരസഭ കൗൺസിലിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങളായ ഷീജ അനിൽ, ടി ജി പ്രസന്നൻ, എം ഇ റെജിമോൻ, ഭരണപക്ഷാംഗം ടി സി റോയി, കെ കെ പ്രസാദ്, ബിജെപി അംഗങ്ങളായ വിനു ആർ മോഹൻ, ടി എൻ ഹരികുമാർ എന്നിവർ സംസാരിച്ചു.










0 comments