ad
Deshabhimani

കോടതി പറഞ്ഞാലും ഞങ്ങൾ തുറക്കില്ല

kottayam nagarasabha

കോട്ടയം നഗരസഭയുടെ കോടിമതയിലുള്ള ആധുനിക അറവുശാലയുടെ 
മുന്നിൽ മാലിന്യം ചാക്കുകളിലായി നിക്ഷേപിച്ച നിലയിൽ

വെബ് ഡെസ്ക്

Published on May 24, 2026, 12:33 AM | 1 min read

കോട്ടയം എട്ടു മാസത്തിനുള്ളില്‍ തുറക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ട്‌ പതിനെട്ട്‌ മാസം പിന്നിട്ടിട്ടും യുഡിഎഫ്‌ ഭരിക്കുന്ന കോട്ടയം നഗരസഭയുടെ ആധുനിക അറവുശാല തുറന്നില്ല. അറവുശാല തുറക്കാത്തതിനെതിരെ മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോടതി അലക്ഷ്യത്തിനു പരാതി നല്‍കി. നിര്‍മാണം മുതല്‍ പല തവണ കോടതിയില്‍ എത്തിയ വിഷയമാണ് വീണ്ടും കോടതിയിലെത്തുന്നത്‌. 2008ലാണ് കോടിമത പച്ചക്കറി ചന്തയ്ക്കു സമീപം 30 സെന്റ് സ്ഥലത്ത് ആധുനിക അറവുശാല നിര്‍മാണം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയനുസരിച്ച് ഒരു കോടിയോളം രൂപ അനുവദിച്ചെങ്കിലും സാമ്പത്തിക വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ പണം പിന്‍വലിച്ചു. തുടര്‍ന്നു വിവിധ ഘട്ടങ്ങളിലായി മൂന്നു കോടി രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി. ആധുനിക ഉപകരണങ്ങള്‍ അടക്കം ക്രമീകരിച്ച അറവുശാല 2020ല്‍ ഉദ്ഘാടം ചെയ്‌തെങ്കിലും തുറന്നുകൊടുക്കാന്‍ കഴിഞ്ഞില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ വന്നതാണ് ആദ്യ തിരിച്ചടി. ഒരു തവണ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചതല്ലാതെ, ബോര്‍ഡ് പറഞ്ഞ നിബന്ധനകള്‍ ഒരുക്കാന്‍ നഗരസഭ തയ്യാറായില്ല. ഇതോടെ മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോടതിയില്‍ പരാതിയുമായെത്തി. തുടര്‍ന്ന്‌ 2024 നവംബറില്‍ എട്ടുമാസത്തിനുള്ളില്‍ അറവുശാല തുറക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ തുടര്‍നടപടിയുണ്ടായില്ല. ഇപ്പോൾ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത്‌ നശിച്ചു. അറവുശാലക്ക്‌ മുന്നിൽ മാലിന്യകൂമ്പാരം കൂട്ടിയിട്ടിരിക്കുന്നു. വെള്ളപ്പൊക്കത്തെതുടർന്ന്‌ കെട്ടിടത്തിന്റെ മുന്‍വശത്തെ തറനിരപ്പ് ഇടിഞ്ഞുതാഴ്ന്നു. ഭിത്തികള്‍ക്കും വിള്ളലുണ്ട്. പാരപ്പിറ്റിനും തകരാറുണ്ട്. ഇതൊന്നും കെട്ടിടത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്നാണ് പരിശോധന നടത്തിയ നഗരസഭാ ഉദ്യോഗസ്ഥരുടെ ന്യായം. ​​അറവുശാല തുറക്കാതായതോടെ നഗരത്തില്‍ നല്ല ഇറച്ചി ലഭിക്കാനുള്ള സാധ്യത കുറഞ്ഞു. ഒരാഴ്ച നഗരത്തില്‍ മാത്രം നാലായിരം കിലോ ഇറച്ചി വേണമെന്നാണ് കണക്ക്. ഇത്തരത്തില്‍ വാങ്ങുന്നതിന്റെ ഗുണമേന്മ പരിശോധനയൊന്നും നടക്കുന്നില്ല. അറവുശാല ഇല്ലാതായതോടെ നഗരസഭയുടെ വരുമാനവും കുറഞ്ഞു. പത്തു വര്‍ഷം മുമ്പ് ആട്, മാട് ലേലത്തിലൂടെ നഗരസഭയ്ക്കു വര്‍ഷം 10 ലക്ഷം രൂപയോളം ലഭിച്ചിരുന്നതായി മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറൽ സെക്രട്ടറി എം എ സലീം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home