പ്രതികാര സ്ഥലംമാറ്റം
സ്‌തംഭിച്ച് എക്‌സൈസ്

കോട്ടയം എക്‌സൈസ് വകുപ്പിൽ യുഡിഎഫ് അനുകൂല സംഘടനയുടെ താൽപ്പര്യത്തിനനുസരിച്ച് കൂട്ടസ്ഥലംമാറ്റം. യാതൊരു മാനദണ്ഡവും പാലിക്കാതെ 43 പേരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞദിവസം ഇറങ്ങിയത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ പുതിയ ഭാരവാഹികളുടെ സമ്മർദത്തിനു വഴങ്ങിയാണ് രാഷ്‌ട്രീയവൈരാഗ്യം തീർക്കുന്ന സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. ഒരു ഓഫീസിൽ കുറഞ്ഞത് രണ്ടുവർഷം തികയ്‌ക്കാതെ ജീവനക്കാരെ സ്ഥലംമാറ്റരുതെന്ന ചട്ടം എവിടെയും പാലിച്ചില്ല. അസോസിയേഷന്റെ സംസ്ഥാന നേതാവിനെ ഒരേ സ്ഥലത്തെ റെയ്‌ഞ്ച് ഓഫീസിൽ നിന്ന് സർക്കിളിലേക്ക് മാറ്റം കൊടുത്തു. ഇൗ വ്യക്തി മൂന്ന് മാസം മാത്രമാണ് റെയ്‌ഞ്ചിൽ ഇരുന്നത്. മദ്യശാലകളുടെ ലൈസൻസ് കൈകാര്യം ചെയ്യുന്ന സർക്കിൾ ഓഫീസിലേക്ക് മാറ്റം നൽകിയതിനു പിന്നിൽ ദുരുദ്ദേശമുണ്ടെന്നും ആരോപണമുണ്ട്. കോൺഗ്രസ് നേതൃത്വത്തിനു താൽപ്പര്യമില്ലാത്ത കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ ചങ്ങനാശേരിയിൽനിന്ന് പാമ്പാടിയിലേക്ക് മാറ്റി. എരുമേലി സ്വദേശിയെ എരുമേലി റെയ്‌ഞ്ചിൽനിന്ന് കോട്ടയത്തേയ്‌ക്ക് മാറ്റി. വനിതാ ഉദ്യോഗസ്ഥർക്കും രക്ഷയുണ്ടായില്ല. പലരെയും രണ്ടും മൂന്നും റെയ്‌ഞ്ചിനപ്പുറത്തേയ്‌ക്ക് സ്ഥലംമാറ്റി. അപകടത്തിൽ പരിക്കേറ്റ് യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ള വനിതാ ഉദ്യോഗസ്ഥയെ ദൂരസ്ഥലത്തേയ്‌ക്ക് മാറ്റി. ഇവരുടെ ഓപ്‌ഷൻ പോലും പരിഗണിച്ചില്ല. ശിക്ഷാനടപടിയുടെ ഭാഗമായി സമീപ ജില്ലയിലേയ്‌ക്ക് സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥയെ തിരിച്ച് ജില്ലയിൽ നിയമിച്ചു. കോൺഗ്രസ് അനുകൂല സംഘടനയുടെ ജില്ലാ നേതാവിന് നേരിയ അനിഷ്ടം പോലും തോന്നിയിട്ടുള്ളവർ സ്ഥലംമാറ്റ പട്ടികയിൽ ഇടംപിടിച്ചതായി മറ്റുദ്യോഗസ്ഥർ പറയുന്നു. അന്യായമായി സ്ഥലംമാറ്റപ്പെട്ടവർ കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ലഹരിക്കച്ചവടക്കാരെ അടിച്ചമർത്തുമെന്ന് പറയുന്ന യുഡിഎഫ് സർക്കാരാണ് എക്‌സൈസ് വകുപ്പിനെത്തന്നെ തളർത്തുന്ന സ്ഥലംമാറ്റ നടപടികളുമായി മുന്നോട്ടുപോകുന്നത്.








0 comments