കുമരകത്ത് കുന്നോളം ആഹ്ലാദം

കോട്ടയം-– കുമരകം റോഡിലെ കോണത്താറ്റ് പാലം തുറന്നുകൊടുത്തപ്പോൾ മന്ത്രി വി എൻ വാസവൻ സന്ദർശിക്കുന്നു
കുമരകം
കുമരകം നിവാസികൾക്ക് ഇത് സ്വപ്‌ന സാക്ഷാൽക്കാരം. വർഷങ്ങളായി അനുഭവിച്ച യാത്രാ ക്ലേശത്തിന് വിരാമം. കുമരകം കോണത്താറ്റ് പുതിയ പാലം തുറന്നു കൊടുത്തു. തിങ്കൾ ഉച്ചയോടെ മന്ത്രി വി എൻ വാസവന്റെ വാഹനം കോണത്താറ്റ് പാലത്തിലൂടെ ആദ്യം കടന്നു. വൈകിട്ട് മുതൽ ബസുകൾ അടക്കമുള്ള വാഹനങ്ങൾ കടത്തിവിട്ടു. കുമരകം ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേയ്‌ക്കുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തുനിന്നുള്ള വാഹനങ്ങൾ താൽക്കാലിക ബണ്ട് റോഡിലൂടെ ഗുരുമന്ദിരം റോഡുവഴി പോകണം. ആശുപത്രി റോഡിലൂടെ കറങ്ങിപോകേണ്ടതില്ല. നേരത്തെ കോട്ടയം – വൈക്കം, കോട്ടയം –ചേർത്തല തുടങ്ങിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ഇനിമുതൽ കുമരകത്ത് യാത്ര അവസാനിപ്പിക്കേണ്ടതില്ല. കോട്ടയം ഭാഗത്തേയ്‌ക്കുള്ള പാലത്തിന്റെ പ്രവേശന പാതയുടെ പകുതി ഭാഗത്തുകൂടി മാത്രമേ ഗതാഗതം അനുവദിക്കൂ. മറുഭാഗം ബാരിക്കേഡ് കൊണ്ട് സുരക്ഷയൊരുക്കി. പാതയുടെ ഒരുവശത്തെ സംരക്ഷണ കൽഭിത്തിയുടെ ഒമ്പതുമീറ്റർ നീളം പൂർത്തിയാക്കേണ്ടതുണ്ട്. ആറ്റാമംഗലം പള്ളി ഭാഗത്ത് നിലവിലുള്ള ബണ്ട് റോഡിനോട് ചേർന്നുള്ള സമീപന പാതയുടെ നിർമാണം പിന്നാലെ നടത്തും. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ തുടർപ്രവർത്തനങ്ങളും പൂർത്തീകരിക്കേണ്ടതിനാലാണ് ഗതാഗതം ക്രമീകരിക്കുന്നത്. അനുബന്ധ റോഡ് ടാറിങ് പെയിന്റിങ് അടക്കം നടത്തി പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മഴ തുടർന്നതാണ് നിർമാണത്തിന് തടസമായത്. രാഷ്ട്രപതി 23ന് കുമരകത്ത് എത്തുന്നതിനാൽ പുതിയ പാലത്തിനൊപ്പം ബണ്ട് റോഡിലൂടെ ഗതാഗതം തുടരും. ടൈൽ വിരിച്ച് റോഡിന്റെ പ്രധാന ഭാഗം ക്രമീകരിക്കും. മന്ത്രി വി എൻ വാസവനൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ, ജില്ലാ പഞ്ചായത്തംഗം കെ വി ബിന്ദു, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് ആശ ബൈജു, കെആർഎഫ്‌ബി എക്‌സിക്യൂട്ടീവ് എൻജിനിയർ സി ബി സുഭാഷ്‌കുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ജോഷിൻ കെ മൂലക്കാട്ട്, എ ഇ ജസ്‌റ്റീന ജോർജ്, കെആർഎഫ്‌ബി പ്രൊജക്ട് എൻജിനിയർ ഐശ്വര്യ എന്നിവരുമുണ്ടായിരുന്നു.










0 comments