വൈക്കത്തഷ്ടമി കൊടിക്കൂറ സമര്‍പ്പണം ഇന്ന്

വൈക്കം വൈക്കത്തഷ്ടമിയ്ക്കും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തിനും കൊടിയേറ്റിനുള്ള കൊടിക്കൂറയുടെ സമര്‍പ്പണം ശനിയാഴ്ച നടക്കും. ഉദയനാപുരം ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനും വൈക്കം ക്ഷേത്രത്തില്‍ 10.30നുമാണ് കൊടിക്കൂറ സമര്‍പ്പിക്കുന്നത്. കൊടിക്കൂറ ഇരുക്ഷേത്രങ്ങളിലും കിഴക്കേഗോപുരനടയില്‍നിന്ന് വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ച ശേഷമാണ് ക്ഷേത്ര കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കുന്നത്. ദേവസ്വം കൊടിക്കൂറ ഏറ്റുവാങ്ങി അവകാശിയായ മൂസതിനെ ഏല്‍പിക്കും. സമൂഹസന്ധ്യവേല നാളെ തുടങ്ങും വൈക്കം മഹാദേവ ക്ഷേത്രത്തില്‍ സമൂഹങ്ങള്‍ നടത്തുന്ന സന്ധ്യവേല ഞായറാഴ്ച തുടങ്ങും. ആദ്യ സന്ധ്യവേല വൈക്കം സമൂഹമാണ് നടത്തുന്നത്. രാവിലെയും വൈകിട്ടും ആനപ്പുറത്ത് എഴുന്നള്ളിപ്പ്, വൈകിട്ട് ദീപാരാധനക്കുശേഷം ഒറ്റപ്പണം സമര്‍പ്പണം എന്നിവ ആചാരപ്രകാരം നടത്തും. ബലിക്കല്‍പുരയില്‍ വെള്ളപ്പട്ട് വിരിച്ച് സമൂഹം സെക്രട്ടറി കെ സി കൃഷ്ണമൂര്‍ത്തി ഒറ്റപണ സമര്‍പ്പണത്തിന് സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയില്‍ വൈക്കത്തപ്പന്‍, ഉദയനാപുരത്തപ്പന്‍, തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലം, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം മേല്‍ശാന്തി തരണി ഇല്ലം, കീഴ്ശാന്തിമാര്‍, പടിഞ്ഞാറേടത്ത് ഇല്ലത്ത് മൂസത്, കിഴക്കേടത്ത് മൂസത്, പട്ടോലക്കാര്‍, കിഴിക്കാര്‍ എന്നിവരെ പേരുവിളിച്ച് ക്ഷണിക്കും. സമര്‍പ്പിച്ച പണം കിഴിയാക്കി തലച്ചുമടായി എടുത്ത് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് കിഴി പ്പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറും. പിന്നിട് ആ കിഴി പണത്തില്‍നിന്ന് ഒരു പണം എടുത്ത് കിഴിയായി സൂക്ഷിക്കും. ഇത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകള്‍ക്ക് ഉപയോഗിക്കും. 17ന് കന്നട തെലുങ്ക് സമൂഹത്തിന്റെ സന്ധ്യവേല, ഒറ്റപ്പണ സമര്‍പ്പണം, 18ന് തമിഴ് വിശ്വബ്രഹ്മ സമാജം, 19ന് വടയാര്‍ സമൂഹത്തിന്റെ സന്ധ്യവേല, ഒറ്റപ്പണ സമര്‍പ്പണവും നടക്കും.








0 comments