ജോസ് കെ മാണി എംപിയുടെ ഇടപെടൽ
പാലാ റിങ് റോഡ് രണ്ടാംഘട്ടം ഉടൻ; നടപ്പാകുന്നത് നഗരത്തിന്റെ സ്വപ്ന പദ്ധതി

പാലാ
റിങ് റോഡ് പദ്ധതിയിൽ രണ്ടാംഘട്ടമായി നിർമിക്കുന്ന 12ാംമൈൽ– -ചെത്തിമറ്റം റോഡിന് ഭൂമി ഏറ്റെടുക്കാൻ കിഫ്ബി അഞ്ച് കോടി രൂപ അനുവദിച്ചു. മൂവാറ്റുപുഴ -പുനലൂർ സംസ്ഥാന പാതയിലെ പൊൻകുന്നം റോഡിൽ 12ാംമൈലിൽനിന്ന് കണ്ണാടിയുറുമ്പ് സ്കൂൾ ജങ്ഷൻ വഴി ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാതയിലെ ചെത്തിമറ്റത്ത് എത്തുന്നതാണ് രണ്ടാംഘട്ടം. വെള്ളിയാഴ്ച ചേർന്ന കിഫ്‌ബി ഗവേണിങ് ബോഡി യോഗത്തിലാണ് പദ്ധതി അംഗീകരിച്ച് തുക അനുവദിച്ചത്. പദ്ധതി അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, കിഫബി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ എം അബ്രാഹം എന്നിവരുമായി ജോസ് കെ മാണി എംപി ചർച്ചകൾ നടത്തിയിരുന്നു. വിശദമായ പ്രൊജക്ട് റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന്റെ ഹൈവേ ഡിസൈൻ വിഭാഗം കേരള റോഡ് ഫണ്ട് ബോർഡ് മുഖേന കിഫ്ബിയ്ക്ക് സമർപ്പിച്ചിരുന്നു. റോഡിന്റെ കളരിയമ്മാക്കൽ പാലം വരെയുള്ള 2.115 കിലോമീറ്ററിൽ 1.940 കിലോമീറ്ററാണ് റോഡ് ഫണ്ട് ബോർഡ് മുഖേന നിർമിക്കുക. 12 മീറ്റർ വീതിയിൽ നിർമിക്കുന്ന നിർദ്ദിഷ്ട റോഡിൽ എഴ് മീറ്റർ കാരിയേജ് വേയും ഒരു മീറ്റർ പേവിങ് ഷോൾഡറും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ സ്ലാബ് മേൽമൂടിയോട് കൂടിയ ഫുട്പാത്ത് കംഡ്രെയിനും ഉണ്ടാകും. റോഡിൽ രണ്ട് മേൽപാലങ്ങളും ഉണ്ടാകും. അവശേഷിക്കുന്ന കളരിയമ്മാക്കൽ പാലം വരെയുള്ള ഭാഗം പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർമിക്കുന്നത്. 13 കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണ നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതി നടപ്പാകുന്നതോടെ പാലായിലെ റോഡ് ഗതാഗതം കൂടുതൽ സുഗമമാകുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.










0 comments