പ്രതീക്ഷയറ്റ് കർഷകർ

കോട്ടയം ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷി മഴയിൽ നശിച്ചതോടെ ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ. വിളവെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുടക്കുമുതൽ പോലും തിരികെ ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ. കൃഷിവകുപ്പ് അധികൃതരുടെ പ്രാഥമിക കണക്കുകൾ പ്രകാരം 1,902.96 ഹെക്ടറിലെ വിളകൾ നശിച്ചു. വെള്ളക്കെട്ട് ഒഴിയാത്തതിനാൽ കണക്കെടുപ്പ് പൂർണമല്ല. വിശദ കണക്കെടുപ്പ് നടത്തുകയാണെന്നും കൃഷിനാശം നേരിട്ടവര്‍ക്ക് അടിയന്തര സഹായത്തിന് നടപടികള്‍ ആരംഭിച്ചതായും ഡെപ്യൂട്ടി ഡയറക്ടർ ജി വി റെജി പറഞ്ഞു. 29.23 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 7,952 കര്‍ഷകരുടെ വിളകൾ നശിച്ചു. കൂടുതല്‍ കൃഷിനാശം ഏറ്റുമാനൂര്‍ ബ്ലോക്കിലാണ്. 1,487 കര്‍ഷകരുടെ 744.11 ഹെക്ടറിലെ കൃഷി നശിച്ചു. 11.59 കോടിയുടെ നഷ്ടം കണക്കാക്കുന്നു. കടുത്തുരുത്തി, വൈക്കം, പള്ളം ബ്ലോക്കുകളിലും കനത്ത നാശമുണ്ട്. കല്ലറ, തിരുവാർപ്പ്, കുമരകം, ചങ്ങനാശേരി, നീണ്ടൂർ, കടുത്തുരുത്തി മേഖലയിൽ പാടശേഖരങ്ങളിൽ വെള്ളം കയറി കൃഷിനാശമുണ്ട്. മലയോര മേഖലയിൽ ഏത്തവാഴകൾ, പൈനാപ്പിൾ, ഇഞ്ചി, പച്ചക്കറികൾ, കപ്പ തുടങ്ങിയ വിളകളും നശിച്ചു. നെല്ല്, റബർ, കവുങ്ങ്, തെങ്ങ്, ജാതി, കുരുമുളക്, അടയ്‌ക്ക തുടങ്ങിയവയാണ് നശിച്ച മറ്റ് പ്രധാന വിളകൾ. കല്ലറ, വൈക്കം പ്രദേശത്തെ കെവി കനാലിന് ആഴമില്ലാത്തതിനാൽ പോളയും പുല്ലും നിറഞ്ഞ് ഒഴുക്ക് നിലച്ച് വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ഇതിന് ജലസേചന വകുപ്പ് അടിയന്തര പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കൂടുതൽ നഷ്‌ടം നെൽക്കർഷകർക്ക് നെൽക്കർഷകർക്ക് മാത്രം 20 കോടിയിലേറെ നഷ്ടമുണ്ട്. വിരിപ്പുകൃഷിക്കായി ഒരുക്കിയ കൃഷിയിടങ്ങളാണ് നശിച്ചതിലേറെയും. കല്ലറയിൽ 1600 ഏക്കർ കൃഷിയാണ് നശിച്ചത്. തിരുവാർപ്പ് 19–ാം വാർഡിൽ 20 ദിവസത്തിൽ താഴെ പ്രായമായ നെല്ല് പൂർണമായും നശിച്ചു. മാടപ്പള്ളിക്കാട് പാടശേഖരത്തിൽ ഒരുമാസം പ്രായമായ നെല്ലാണ് നശിച്ചത്. വേണം സഹായം കൃഷി നാശമുണ്ടായ കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ അധികൃതരെ വിവരമറിയിക്കാം. ഇതിലൂടെ നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കാം നഷ്‌ടപരിഹാരത്തിനായി കർഷകർ എയിംസ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. https://www.aims.kerala.gov.in സന്ദർശിക്കാം. കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷി ഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര് വിവരങ്ങൾക്കൊപ്പം നാശ നഷ്‌ടങ്ങളുടെ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യണം. നാശം സംഭവിച്ച് 14 ദിവസത്തിനകം എയിംസ് പോർട്ടലിൽ വിവരങ്ങൾ രജിസ്‌റ്റർ ചെയ്യണം.










0 comments