print edition ആണവ കരാർ ഒപ്പിട്ടില്ലെങ്കിൽ വേണ്ട: ഹോർമുസ് തുറക്കൂ; യുദ്ധം നിർത്താമെന്ന് ട്രംപ്

വാഷിങ്‌ടൺ: ആണവ കരാർ ഒപ്പിട്ടില്ലെങ്കിലും ഹോർമുസ് കടലിടുക്ക് തുറന്നുനൽകിയാൽ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അമേരിക്ക.
ഹോർമുസ് തുറക്കാൻ ഇറാൻ തയ്യാറായാൽ അത് യുഎസ് വിജമായി പ്രഖ്യാപിക്കാനും യുദ്ധം അവസാനിപ്പിക്കാനും ട്രംപ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഇറാനിലെ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി, സൈനിക നീക്കത്തിനു പകരം കടുത്ത സാമ്പത്തിക ഉപരോധങ്ങളിലൂടെ സമ്മർദ്ദം തുടരാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
അകപ്പെട്ട പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി മുൻ ഉപാധികളിൽ വിട്ടുവീഴ്‌ചചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം വാഷിങ്‌ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നടപടി മാസങ്ങൾ പിന്നിട്ടിട്ടും ഫലംകാണാത്തതും ഇറാന്റെ ഉറച്ച നിലപാടുമാണ് അമേരിക്കയെ വെട്ടിലാക്കിയത്. ട്രംപിനെതിരെ അമേരിക്കയിലും എതിർപ്പ് ശക്തമാവുകയാണ്.
അതേസമയം, തങ്ങളുടെ വ്യവസ്ഥകൾ യുഎസ് പൂർണമായി അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന കർക്കശ നിലപാടിലാണ് ഇറാൻ. അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണമായി പിൻവലിക്കുക, സൈന്യത്തെ മേഖലയിൽനിന്ന് മാറ്റുക, യുദ്ധനഷ്ടപരിഹാരം നൽകുക, മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ വ്യവസ്ഥകളിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ഹോർമുസ് തുറക്കുന്നത് സൈനിക പരിഹാരമല്ലെന്ന് അമേരിക്ക പ്രായോഗികമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അലി നിക്സാദ് പറഞ്ഞു.










0 comments