കാനത്തിന്റെ സ്വന്തം ഇജെയ്ക്ക് ജന്മശതാബ്ദി

കാനം ഇ ജെ എന്ന ഇലവുങ്കൽ ജോൺ (ഫയൽചിത്രം)
ടിഎസ് സുജേഷ്
വാഴൂർ
മലയാള സാഹിത്യലോകത്തേയ്ക്ക് വാഴൂരിലെ കാനം എന്ന കൊച്ചു ഗ്രാമത്തെ എഴുതിച്ചേർത്ത പ്രതിഭയാണ് കാനം ഇ ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. ശനിയാഴ്ച അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനമായിരുന്നു. 1926 ജൂൺ 13-ന് ജനിച്ച ഇ ജെ 1987 ജൂൺ 13 ലോകത്തോട് വിടപറഞ്ഞു. ‘കാനം' എന്ന തൂലികാനാമം സ്വീകരിച്ച് ഈ ഗ്രാമത്തിന്റെ ശിൽപ്പിയായി മാറി. സാധാരണക്കാരുടെ വികാരങ്ങളെ അക്ഷരങ്ങളാക്കി ജനപ്രിയ നോവലുകളും പൈങ്കിളി സാഹിത്യവും ആ തൂലികയില്‍ പിറവികൊണ്ടു. ആദ്യം പട്ടാളത്തിൽ ചേർന്ന ഇദ്ദേഹം അത് ഉപേക്ഷിച്ചു. സാഹിത്യവിശാരദൻ പാസായ ശേഷം മുണ്ടക്കയം, കുമ്പളാംപൊയ്ക, കാനം സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി. കഥാരചനയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം അധ്യാപകവൃത്തി രാജിവച്ചു. അദ്ദേഹത്തിന്റെ നൂറ്റിമുപ്പതോളം നോവലുകളില്‍ 23 എണ്ണം ചലച്ചിത്രങ്ങളായും മാറി. കൂടാതെ അഞ്ചോളം സിനിമകൾക്ക് ഗാനങ്ങളും രചിച്ചു. മലയാളം വാരികകളുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. ‘മനോരാജ്യം' വാരിക ആരംഭിച്ചതും അദ്ദേഹമാണ്. പി ഐ ശോശാമ്മയാണ് ഭാര്യ. സോഫി, സാലി, സൂസൻ, സേബ, പരേതനായ സാജൻ എന്നിവരാണ് മക്കൾ.










0 comments