അന്തേവാസികളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി

പുനലൂർ
വയോജനങ്ങൾക്ക്നേരെ ലൈംഗികാതിക്രമം നടന്ന അഭയകേന്ദ്രം സംസ്ഥാന വയോജന കമീഷൻ ചെയർമാൻ കെ സോമപ്രസാദും അംഗം കെ എൻ കെ നമ്പൂതിരിയും സന്ദർശിച്ചു. പുനലൂർ വെള്ളിമല ക്ഷേത്രഗിരിയിൽ പ്രവർത്തിക്കുന്ന പുനർജനി അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്കുനേരെയാണ് ക്രൂരമായ ലൈംഗികാതിക്രമം നടന്നത്. സംഭവത്തിൽ അഭയകേന്ദ്രം നടത്തിപ്പുകാരൻ ബ്രഹ്മദാസിനെ കഴിഞ്ഞദിവസം തെന്മല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വയോജന കമീഷന്റെ സന്ദർശനം. അന്തേവാസികളോടും ജീവനക്കാരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് അഭയകേന്ദ്രത്തിലെ 12 അന്തേവാസികളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി. വയോജനകേന്ദ്രം പൊലീസ് പൂട്ടി. ഇതിനിടെ അറസ്റ്റിലായ ബ്രഹ്മദാസിന്റെ മകളും ബന്ധുക്കളും അഭയകേന്ദ്രത്തിൽ എത്തിയിരുന്നു. സാധനങ്ങൾ മാറ്റി തെളിവ് നശിപ്പിക്കാനാണെന്നും പറഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും ഇവരെ തടയുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും ബന്ധുക്കൾ തട്ടിക്കയറി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സിപിഐ എം ലോക്കൽ സെക്രട്ടറി എസ് വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് ശോഭ സതീശൻ, വൈസ് പ്രസിഡന്റ് എബി ഷൈനു, ആർ സജീവൻ, എൻ കോമളകുമാർ, മുബീന, എസ് ഇ സഞ്ജയ്ഖാൻ എന്നിവരും സ്ഥലം സന്ദർശിച്ചു.









0 comments