കൂലിവര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍
നിർമാണ, ഹോട്ടൽ മേഖലകൾ പ്രതിസന്ധിയിൽ

സ്വന്തം ലേഖിക
Published on Jun 14, 2026, 01:44 AM | 1 min read
കൊല്ലം
ഇന്ധനവില വർധനയ്ക്ക് പിന്നാലെ കൂലി കൂടുതൽ ചോദിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ. ജില്ലയിൽ നിർമാണ, ഹോട്ടൽ മേഖലകളടക്കം പ്രതിസന്ധിയിൽ. അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായി അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയിരുന്നു. ഈ തൊഴിലാളി ക്ഷാമം മുതലെടുത്താണ് കൂലിവർധന ആവശ്യപ്പെടുന്നത്. പ്രതിസന്ധി രൂക്ഷമായിട്ടും കൂലി ഏകീകരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന പരാതി ശക്തമാണ്. വോട്ട്‌ചെയ്യാൻ പോയവർ തിരികെ വരാഞ്ഞതോടെ പല കരാറുകാരും ടൂറിസ്റ്റ് ബസുകൾ ബുക്ക്‌ചെയ്‌തും വിമാനത്തിലുമാണ് എത്തിച്ചത്. ഇതിനു പിന്നാലെയാണ് കൂലിവർധന ആവശ്യമുയർന്നത്. നിർമാണമേഖലയിൽ മേസ്തിരിക്ക് പ്രതിദിനം 1100 രൂപയും സഹായിക്ക് 1000 രൂപയുമാണ് കരാറുകാർ നൽകുന്നത്. എന്നാൽ, ഇപ്പോൾ യഥാക്രമം 1300, 1200 രൂപയാണ് ആവശ്യപ്പെടുന്നത്. സർക്കാർ, സ്വകാര്യ മേഖലയിലെ നൂറുകണക്കിനു കരാറുകാരാണ് ഇതോടെ പ്രതിസന്ധിയിലായത്. മേസ്തിരിക്ക് 935രൂപയും സഹായിക്ക് 845രൂപയുമാണ് സർക്കാർ കൂലി നിശ്ചയിച്ചിട്ടുള്ളത്. അസംസ്കൃത വസ്തുക്കളുടെ വിലവർധനയും നികുതി വർധനയും കാരണം നിർമാണച്ചെലവ് ഉയർന്നതിനു പിന്നാലെയാണ് തൊഴിലാളികൾ കൂലിവര്‍ധന ആവശ്യപ്പെടുന്നത്. ഹോട്ടൽ മേഖലയിൽ ശുചീകരണത്തൊഴിലാളി, വെയിറ്റർ, പാചകക്കാരൻ, അടുക്കള സഹായി തുടങ്ങി വിവിധ വിഭാഗത്തിലായി ജോലിചെയ്യുന്നവർക്ക് 700 മുതൽ 1000രൂപ വരെയാണ് ശന്പളം. ഇപ്പോൾ 100രൂപ വീതം വർധിപ്പിക്കണമെന്നാണ് ആവശ്യം. അരുണാചൽ പ്രദേശ്, സിംല, മണിപ്പുര്‍, നേപ്പാൾ, ആസാം, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ഹോട്ടൽ മേഖലയിൽ ജോലിചെയ്യുന്നത്. വാടകയ്‌ക്ക് വീടും മുറിയും എടുത്ത് താമസിപ്പിച്ചാണ് പല കരാറുകാരും ജോലിക്ക് നിയോഗിക്കുന്നത്. രാവിലെ വാഹനവുമായി എത്തുന്പോൾ കൂലി എത്രയെന്ന് ചോദിച്ച് ഉറപ്പാക്കിയാണ് ഇവർ തൊഴിലിനിറങ്ങുന്നത്. ജോലിക്കാരെ കിട്ടാത്തതിനാൽ ചോദിക്കുന്ന കൂലി കൊടുക്കാൻ നിർബന്ധിതരാകുന്നതായി കരാറുകാർ പറയുന്നു. വീടുകളിലെ അറ്റകുറ്റപ്പണി, കൃഷിപ്പണി, മറ്റ് ജോലികൾ എന്നിവയ്‌ക്കായി ഒന്നോ രണ്ടോ ദിവസം വിളിക്കുന്നവർക്ക് കൂലി വർധന പ്രശ്നമല്ലെങ്കിലും സ്ഥിരമായി ഇവരെ ആശ്രയിക്കുന്ന കരാറുകാർക്ക് വലിയ ബാധ്യതയാണുണ്ടാകുന്നത്. ഇപ്പോള്‍ തദ്ദേശീയരായ മേസ്‌തിരിമാരെയും മൈക്കാഡുമാരെയും തിരയുകയാണ് പല കരാറുകാരും.










0 comments