അനിശ്ചിതത്വം തുടരുന്നു; ഇറാൻ–യുഎസ് കരാർ ഉടനെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്/തെഹ്‌റാൻ/ വാഷിങ്‌ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. 24 മണിക്കൂറിനുള്ളിൽ അന്തിമരൂപത്തിലാകുമെന്നും ഇരുരാജ്യങ്ങളും കരാറിനോട് അടുത്തിരിക്കുകയാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്‌സിൽ കുറിച്ചു. പ്രാഥമിക കരാറിൽ ഒപ്പുവച്ചശേഷം സാങ്കേതിക ചർച്ചകൾ നടക്കും. ചർച്ചകളിൽ സഹകരിച്ചതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌ക്യൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
അതേസമയം, ഞായറാഴ്ച കരാർ ഒപ്പിടൽ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്‌മായിൽ ബഗായ് അറിയിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ചില ആശയക്കുഴപ്പങ്ങൾ കാരണം ഒപ്പിടുന്ന തീയതി പ്രഖ്യാപിക്കുന്നതിൽ തീരുമാനമായില്ലെന്നും ലെബനനിലെ ഇസ്രയേൽ ആക്രമണം നിർത്തുന്നതടക്കം 14 നിർദേശങ്ങളാണ് ചർച്ചചെയ്യുന്നതെന്നും ഇറാൻ വ്യക്തമാക്കി.
കരാറിനെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് മുന്നറിയിപ്പ് നൽകി. കരാർപ്രകാരമുള്ള ബാധ്യതകൾ ഇറാൻ നിറവേറ്റുന്നതിനെ ആശ്രയിച്ചിരിക്കും അവർക്കുള്ള സാമ്പത്തിക ഇളവുകളെന്നും വാൻസ് പറഞ്ഞു. കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽനിന്ന് പ്രത്യേക സർവീസ് ഫീ ഈടാക്കുന്നതിനെക്കുറിച്ച് ചർച്ച നടക്കുകയാണെന്ന് ഇറാൻ വിദേശമന്ത്രി സയിദ് അബ്ബാസ് അരാഗ്‌ച്ചി പറഞ്ഞു. ഇസ്രയേൽ കരാറിന്റെ ഭാഗമാകില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.
ഇറാന്റെ ആണവപദ്ധതി, സമ്പുഷ്ടീകരിച്ച യുറേനിയം, യുഎസ് ഉപരോധം നീക്കൽ, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ എന്നിവയാണ് പ്രധാനമായും ചർച്ചകളിൽ ഉള്ളത്. സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും മേഖലയിൽ ശനിയാഴ്‌ചയും ആക്രമണമുണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ അത്യാധുനിക വൺ-വേ അറ്റാക്ക് ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സൈന്യം അവകാശപ്പെട്ടു.










0 comments