ad
Deshabhimani

print edition യുഎസ്‌ ഉപരോധ പ്രതിസന്ധി; പൊരുതാൻ ക്യൂബ

CUBA
വെബ് ഡെസ്ക്

Published on Jun 14, 2026, 03:12 AM | 1 min read

ഹവാന: അമേരിക്കൻ ഉപരോധം സൃഷ്‌ടിച്ച അപകടകരമായ പ്രതിസന്ധി മറികടന്ന്‌ സാമ്പത്തിക, സാമൂഹിക വികസനം ഉറപ്പാക്കാൻ കാലാനുസൃത പരിഷ്‌കരണങ്ങൾ നടപ്പാക്കാനൊരുങ്ങി ക്യൂബ. ദേശീയ ഉൽപ്പാദനം വർധിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, പ്രവാസികൾ ഉൾപ്പെടെയുള്ള ക്യൂബൻ പ‍ൗരന്മാരുടെ പങ്കാളിത്തം രാജ്യവികസനത്തിന്‌ ഉറപ്പാക്കുക, അധികാര വികേന്ദ്രീകരണം വിപുലമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പരിഷ്‌ക്കരണ നിർദേശങ്ങൾ പ്രസിഡന്റ് മിഗ്വേൽ ദിയസ്-കാനൽ മുന്നോട്ടുവച്ചു. രാഷ്‌ട്രം, സർക്കാർ, പാർടി, രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ, ബഹുജന സംഘടനകൾ, ബിസിനസ് മേഖല എന്നിവയുടെ പുനഃക്രമീകരണം ഉൾപ്പെടുന്ന കരട് നിയമം ജനാഭിപ്രായം തേടി ക്യൂബൻ ദേശീയ അസംബ്ലി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.


ഇറക്കുമതി, കയറ്റുമതി മേഖലകളിൽ ഇടനിലക്കാരെ ഒഴിവാക്കാനും അസംസ്‌കൃത വസ്‌തുക്കൾ ക്യൂബയിലെത്തിക്കുന്നവർക്ക്‌ നേരിട്ട്‌ തീരുവ ആനുകൂല്യം നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്‌. വിദേശവ്യാപാര മേഖല കൂടുതൽ ചലനാത്മകമാക്കും. നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ ശ്രദ്ധാപൂർവം ഇടപെടും. വിലക്കുകൾ മറികടക്കാൻ ക്രിയാത്മകമായി ഇടപെടുന്നത് പ്രോത്സാഹിപ്പിക്കും.


സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കും മുനിസിപ്പാലിറ്റികൾക്കും കൂടുതൽ സ്വയംഭരണം നൽകും. ചെറുകിട വ്യവസായ സംരംഭങ്ങളെ അംഗീകരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ മുനിസിപ്പാലിറ്റികൾക്ക്‌ തീരുമാനമെടുക്കാം. പൊതുവായ ഉൽപ്പന്ന സബ്‌സിഡി ഒഴിവാക്കി അർഹരായവർക്ക്‌ കൂടുതൽ സബ്‌സിഡി നൽകാം. വാഹന ഇറക്കുമതി നിയന്ത്രണം ഒഴിവാക്കുന്പോൾതന്നെ ഇലക്‌ട്രിക്‌ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും. പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപകരണങ്ങൾ ഇറക്കുമതിചെയ്‌ത്‌ വിവിധ മോഡലുകൾ നിർമിച്ച്‌ ഉ‍ൗർജ സജീവത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്‌ –പ്രസിഡന്റ് പ്രഖ്യാപിച്ചു.


അമേരിക്ക ഏർപ്പെടുത്തിയ കടുത്ത എണ്ണ ഉപരോധം സൃഷ്‌ടിച്ച പ്രതിസന്ധിയിൽ ക്യൂബൻ ജനത ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അതിജീവനത്തിനായുള്ള തന്ത്രപരമായ നീക്കം. ജനുവരിയിൽ എണ്ണവിതരണം അമേരിക്ക പൂർണമായി തടഞ്ഞത്‌ രാജ്യം നേരിടുന്ന വെല്ലുവിളികളെ കൂടുതൽ സങ്കീർണമാക്കി. ഇന്ധനപ്രതിസന്ധിയെത്തുടർന്ന്‌ ആഴ്‌ചകളോളം ക്യൂബ ഇരുട്ടിലായി. മെഡിക്കൽ ഉപകരണങ്ങളും മരുന്നുമില്ലാതെ ലക്ഷത്തോളം ശസ്‌ത്രക്രിയകൾ മുടങ്ങി. "വിപ്ലവം ക്യൂബൻ ജനതയ്‌ക്കായി സ്വപ്‌നം കണ്ടത് നമ്മുടെ സ്വന്തം പരിശ്രമത്തിലൂടെയും കഴിവിലൂടെയും നാം സ്വയം നേടിയെടുക്കണം. ഒരുതരത്തിലും ആഗ്രഹിക്കാത്ത ബാഹ്യ ഇടപെടലുകളെ അംഗീകരിക്കാനാകില്ല’–ദിയസ്-കാനൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home