കത്തിക്കയറി വിറകു വിലയും

കൊല്ലം
കേന്ദ്രസർക്കാർ പാചക വാതക വില കുത്തനെ വർധിപ്പിച്ചതിനു പിന്നാലെ വിറകുവിലയും കുതിക്കുന്നു. റബർ മരത്തിന്റെ വിറകിന് ടണ്ണിന് പതിനായിരം മുതലാണ് വില. പച്ചയ്‌ക്ക് ആറായിരം മുതലുണ്ട് വില. 6000 രൂപ വിലയുണ്ടായിരുന്ന പാഴ്മരങ്ങളുടെ വിറകിന് 8000–8500ആയി. പുളി വിറക് കിട്ടാനുമില്ല. കിഴക്കൻ മേഖലയിൽ വീട്ടാവശ്യത്തിനുള്ള ഒരു കെട്ട് റബ്ബർ ചുള്ളിക്ക് 90 രൂപയാണ്. ജോലിയില്ലാതെ നിരവധി സാമില്ലുകൾ പൂട്ടിയതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ആവശ്യത്തിനു വിറകു കിട്ടാത്ത അവസ്ഥയുമുണ്ട്. ഇതോടെ മരങ്ങൾ മുറിച്ചു വിറകാക്കി സൂക്ഷിക്കുന്നവരുടെ എണ്ണവും വർധിച്ചു. നേരത്തെ പുരയിടങ്ങളിൽനിന്ന് വിറക് വാരിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്ന ഉടമകളും ഇപ്പോൾ കച്ചവടത്തിലേർപ്പെട്ടിട്ടുണ്ട്. എന്നാൽ വിറകു കീറാൻ തൊഴിലാളികളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മരം മുറിച്ച് കീറി വിറകാക്കുന്ന യന്ത്രങ്ങൾ ആവശ്യത്തിനു ലഭിക്കാത്തതും തിരിച്ചടിയാണ്. മണിക്കൂറിന് 750 രൂപയാണ് തടി കീറി വിറകാക്കാനുള്ള യന്ത്രത്തിന്റെ വാടക. കരുനാഗപ്പള്ളി, മൈലക്കാട് ഭാഗങ്ങളിൽ നിന്നാണ് ഇത്തരം യന്ത്രങ്ങളുമായി ആളെത്തുക. കുറഞ്ഞത് അഞ്ച് മണിക്കൂർ ജോലിയുണ്ടെങ്കിൽ മാത്രമേ ഇവർ എത്താറുള്ളൂ. മണിക്കൂറിൽ ഒരു ടണ്ണിനടുത്ത് വിറകുലഭിക്കും. ജില്ലയിൽ മുറിക്കുന്ന പാഴ്‌മരങ്ങൾ തീപ്പെട്ടി നിർമാണത്തിനായി തമിഴ്നാട്ടിലേക്കും മറ്റും കയറ്റിക്കൊണ്ടു പോകുന്നത് ഗ്രാമീണ മേഖലകളിൽ വിറകു ക്ഷാമത്തിനു കാരണമാകുന്നു.









0 comments