പ്രതിഷേധത്തീ

കർഷക, കർഷകത്തൊഴിലാളി, ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിൽ പങ്കെടുത്ത കർഷകസംഘം സംസ്ഥാന വെെസ് പ്രസിഡന്റ് കെ എൻ ബാലഗോപാലുൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ്ചെയ്‌തു നീക്കുന്നു
കോട്ടയം ജീവിക്കാനുള്ള അവകാശത്തിനായി കർഷകരും തൊഴിലാളികളും ഒന്നിച്ച് അണിനിരന്നു. തൊഴിലവകാശങ്ങൾ ഇല്ലാതാക്കുന്ന, കർഷകരെ കണ്ണീരിലാഴ്‌ത്തുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അവരൊന്നിച്ച് മുദ്രാവാക്യം മുഴക്കി. രാജ്യമെങ്ങും അലയടിച്ച പ്രതിഷേധത്തിന്റെ ഉൗർജം അവരുടെ വാക്കുകളിലുണ്ടായിരുന്നു. ട്രേഡ് യൂണിയനുകൾ, കർഷക, കർഷകത്തൊഴിലാളി സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചത്. സമരക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. കേന്ദ്ര സർക്കാർ തൊഴിൽ -– കാർഷിക മേഖലകളിൽ അനുദിനം സ്വീകരിച്ചുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയതലത്തിൽ നടത്തുന്ന ജയിൽനിറയ്ക്കൽ സമരത്തിന്റെ ഭാഗമായിരുന്നു ഉപരോധം. നൂറുകണണക്കിന് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും പങ്കെടുത്തു. കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ എൻ ബാലഗോപാൽ എംഎൽഎ ഉപരോധം ഉദ്ഘാടനംചെയ്‌തു. എഐടിയുസി ജില്ലാ പ്രസിഡന്റ് ഒ പി എ സലാം അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ, ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് പി വി സുനിൽ, സെക്രട്ടറി എം കെ പ്രഭാകരൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി വി ബി ബിനു, സംസ്ഥാന വൈസ്‌പ്രസിഡന്റ് സി കെ ശശിധരൻ, എം ടി ജോസഫ്, ഇ എൻ ദാസപ്പൻ, പി കെ കൃഷ്‌ണൻ, എം കെ ദിലീപ്, പി കെ ആനന്ദക്കുട്ടൻ, സി കെ ആശ, ജോൺ വി ജോസഫ്, ടി ബി ബിജു, വി ടി തോമസ് എന്നിവർ സംസാരിച്ചു. അതിജീവന പോരാട്ടം കോട്ടയം കോട്ടയത്തിന്റെ സമരചരിത്രത്തിൽ പുതിയ ഏട് കൂട്ടിച്ചേർത്താണ് ഉപരോധം അവസാനിച്ചത്. ഫാസിസ്‌റ്റ് രീതികൾ പിന്തുടരുന്ന കേന്ദ്രസർക്കാരിനെതിരെ ഉപരോധത്തിൽ പ്രതിഷേധം അലയടിച്ചു. രാവിലെ ഏഴിന് സമരപോരാളികൾ ഹെഡ് പോസ്‌റ്റ്‌ഓഫീസ് പരിസരത്തെത്തി ഉപരോധം ആരംഭിച്ചിരുന്നു. ഉച്ചയോടെ പ്രവർത്തകർ പ്രകടനം നടത്തിയതിനു ശേഷം പോസ്‌റ്റ് ഓഫീസിനു മുന്നിൽ കുത്തിയിരുന്നു. കോട്ടയം വെസ്‌റ്റ് പൊലീസെത്തി കെ എൻ ബാലഗോപാൽ എംഎൽഎ അടക്കമുള്ളവരെ അറസ്‌റ്റ് ചെയ്‌തുനീക്കുകയായിരുന്നു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകദ്രോഹ നയങ്ങൾ ഉപേക്ഷിക്കുക, ഇന്ത്യൻ കാർഷികമേഖലയെ തകർക്കുന്ന ഇൻഡോ -– യുഎസ് വ്യാപാരക്കരാർ റദ്ദാക്കുക, കാർഷികോൽപന്നങ്ങൾക്ക് മികച്ച സംഭരണവില നിശ്ചയിക്കുക, കർഷകത്തൊഴിലാളികൾക്ക് ദേശീയ മിനിമം വേതനം നിശ്ചയിക്കുക, മിനിമം വേതനം 26,000 രൂപയും ഇപിഎഫ് മിനിമം പെൻഷൻ 9,000 രൂപയായും ഉയർത്തുക, പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപന്നങ്ങളുടെയും വിലവർധന പിൻവലിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഗിഗ്- പ്ലാറ്റ്ഫോം തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം.










0 comments