print edition തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനം: ചികിത്സ വൈകിപ്പിച്ചു

തൊടുപുഴ: ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ തൊടുപുഴ ജില്ലാആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചെന്ന് പരാതി. തിങ്കൾ പകൽ മന്ത്രി കെ മുരളീധരന്റെ സന്ദർശനത്തിനിടെയാണ് നിരവധി രോഗികളും ഒപ്പമെത്തിയവരും പരാതിപ്പെട്ടത്. ഇതിനൊന്നും മറുപടി പറയാതെ മന്ത്രി മടങ്ങിയത് പ്രതിഷേധത്തിനിടയാക്കി.
പൂച്ച മാന്തിയതിനുള്ള പ്രതിരോധ കുത്തിവയ്‍പ്പിന്റെ മൂന്നാംഡോസ് എടുക്കാനെത്തിയ മൂന്നുവയസുകാരിക്ക് ചികിത്സ വൈകിയെന്ന് അമ്മ കരിമണ്ണൂർ സ്വദേശി ആരതി പരാതിപ്പെട്ടു. മാധ്യമങ്ങളോടും ആശുപത്രിയിൽ പൊതിച്ചോർ വിതരണംചെയ്‌ത ഡിവൈഎഫ്ഐ പ്രവർത്തകരോടുമാണ് ഇക്കാര്യം പറഞ്ഞത്. ‘12 മണിക്ക് വന്നതാണ്, അപ്പോൾ മുതൽ കാത്തിരുന്നു. ഒന്നുരണ്ടു തവണ പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല, മന്ത്രിയിറങ്ങി വന്നശേഷം പ്രശ്‍നമായതോടെയാണ് അധികൃതർ ഇടപെട്ട് കുത്തിവയ്‍പ്പ് വേഗത്തിലാക്കിയത് ’– ആരതി പറഞ്ഞു.
പനി ബാധിച്ച് അപസ്‍മാര ലക്ഷണം കാണിച്ച രണ്ടര വയസുള്ള മറ്റൊരു കുട്ടിയെ കോട്ടയത്തേക്ക് റഫർചെയ്‍തു. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നാണ് പരാതി. കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കോലാനിയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രി കെ മുരളീധരൻ. മാധ്യമപ്രവർത്തകർ വിവിധ വിഷയങ്ങളിൽ പ്രതികരണത്തിന് ശ്രമിച്ചപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് വരാൻ പറഞ്ഞു. ആശുപത്രിയിലെ ചർച്ചയ്‍ക്ക് ശേഷം പുറത്തുവന്ന മന്ത്രി സൂപ്രണ്ടിനോട് സംസാരിക്കാൻ പറഞ്ഞ് ധൃതിയിൽ മടങ്ങി. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ സൂപ്രണ്ട് ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. പരാതിയിൽ നടപടിയുണ്ടാകുമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്.










0 comments