ഇരുട്ടടിയിൽ താളംതെറ്റി വ്യാപാര–വ്യവസായ മേഖല

വൈദ്യുതിമുടക്കത്തിനെതിരെ വ്യാപാരി വ്യവസായി സമിതി നഗരത്തിൽ നടത്തിയ പന്തം കൊളുത്തി പ്രതിഷേധം സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിൽ താളം തെറ്റി ജില്ലയിലെ വ്യാപാര–വ്യവസായ മേഖല. മുന്നറിയിപ്പില്ലാതുള്ള പവർ കട്ട് ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങി. ജില്ലയിൽ നിരവധി ചെറുതും വലുതുമായ റബർ അധിഷ്‌ഠിത ഉൽപ്പന്ന നിർമാണ യൂണിറ്റുകളുണ്ട്. ഇവിടങ്ങളിലെ ഉൽപ്പന്നങ്ങൾ ഭൂരിഭാഗവും വിദേശത്തേക്കാണ് കയറ്റുമതി ചെയ്യുന്നത്. ദിവസം മൂന്നും നാലും തവണ വൈദ്യുതി മുടങ്ങിയതോടെ ഓർഡർ അനുസരിച്ച് ഉൽപ്പന്നങ്ങൾ നിർമിച്ച് അയക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അപ്രഖ്യാപിത പവർ കട്ട് മൂലം ലക്ഷങ്ങൾ വിലയുള്ള മെഷീനുകൾ തകരാറിലാകുന്നതും പതിവാകുകയാണ്. ജില്ലയിൽ പൂവന്തുരുത്തിലും ഏറ്റുമാനൂരിലുമുള്ള വ്യവസായ വികസന പ്ലോട്ടുകളിലെ ചെറുകിട വ്യവസായികൾ പവർ കട്ടിൽ വലയുകയാണ്. ആവർത്തിച്ചുള്ള വൈദ്യുതി മുടക്കംമൂലം കരാർ പ്രകാരമുള്ള ഉൽപ്പന്നങ്ങൾ പറഞ്ഞ സമയത്തിന് വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. സമയത്തിന് ഉൽപ്പന്നങ്ങൾ നൽകാൻ കഴിയാതെ വന്നാൽ തുടർന്നുള്ള ഓർഡറുകൾ നഷ്‌ടമാകുകയും ചെയ്യും. വൈദ്യുത മുടക്കം മറികടക്കാൻ വൻ തുക ചിലവഴിച്ച് ജനറേറ്ററുകളും ഡീസലും ഉപയോഗിക്കേണ്ടി വരുന്നത് ചെറുകിട സംരംഭകർക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. ഹോട്ടലുകൾ, ബേക്കറികൾ, കോൾഡ് സ്‌റ്റോറേജുകൾ, ഭക്ഷ്യോൽപ്പന്ന നിർമാണ യൂണിറ്റുകൾ, ബ്യൂട്ടി സലൂണുകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഐടി മേഖലയിലും മറ്റും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഇന്റർനെറ്റ്, കംപ്യൂട്ടർ സംവിധാനങ്ങൾ തടസ്സപ്പെടുന്നത് വലിയ തിരിച്ചടിയാണ്. ഐടി മേഖലയിൽ പുറംകരാർ ജോലി ചെയ്യുന്നവരെയാണ് കാര്യമായി ബാധിക്കുന്നത്.










0 comments