മിനി സ്റ്റേഡിയമാകാൻ മണർകാട്

മണർകാട്
സ്റ്റേഡിയത്തിലെ ഗാലറികൾ ദൂരെയല്ല, ഇതാ മണർകാടിന്റെ മണ്ണിൽ ബിസിസി ഐയുടെ ഔദ്യോഗിക ഐപിഎൽ ഫാൻ പാർക്കിന് മണർകാട് സെന്റ് മേരീസ് ഗ്രൗണ്ട് വേദിയാകുന്നതോടെ, ജില്ല ഇന്ന് ക്രിക്കറ്റ് ആവേശത്തിന്റെ നെറുകയിലാണ്. സ്റ്റേഡിയത്തിൽ പോയി കളി കാണാൻ കഴിയാത്തവർക്ക് അതേ ആവേശവും ആരവവും ഒട്ടും ചോരാതെ ആസ്വദിക്കാനുള്ള സുവർണാവസരമാണ് ഇവിടെ ഒരുങ്ങുന്നത്. ആവേശം പകരാൻ 32 അടി നീളവും 18 അടി വീതിയുമുള്ള കൂറ്റൻ എൽഇഡി സ്ക്രീനിൽ, ഒരേസമയം 4000 പേർക്ക് വരെ തത്സമയം മത്സരങ്ങൾ കാണാം. ക്രിക്കറ്റ് പ്രേമികൾക്കായി ഒരുക്കുന്ന കാർണിവൽ അന്തരീക്ഷമാണ് പ്രധാന ആകർഷണം. പകൽ 2.30 മുതൽ ആരാധകർക്കായി കവാടങ്ങൾ തുറക്കും. പ്രവേശനം സൗജന്യമാണ്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഫാൻ പാർക്ക് സംഘടിപ്പിച്ചിരിക്കുന്നത്. കുപ്പിവെള്ളം, ഭക്ഷണപദാർത്ഥങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ലഹരിവസ്തുക്കൾ എന്നിവക്ക് ഗ്രൗണ്ടിൽ കർശന നിരോധനമുണ്ട്. ഗ്രാമീണ മേഖലകളിൽ ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ മണർകാടിനെ വേദിയായി തെരഞ്ഞെടുത്തത്. പാലക്കാടിനും കൊച്ചിക്കും ശേഷം അക്ഷരനഗരിയുടെ ഹൃദയത്തുടിപ്പിലേക്ക് എത്തുന്ന ഈ കായിക വിരുന്നിനെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.










0 comments