ഇന്ന് ഉത്രാടപ്പാച്ചിൽ

ഉത്രാട തലേന്ന് കോട്ടയം ചന്തയിൽ അനുഭവപ്പെട്ട തിരക്ക്
കോട്ടയം തിരുവോണത്തിന് നാടൊരുങ്ങുന്നു. ചൊവ്വാഴ്ചയാണ് ഉത്രാടം. മാവേലിയെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്ക് ഇനി ഒരുദിവസം മാത്രം. സദ്യയൊരുക്കാനും ഓണക്കോടിയെടുക്കാനുമുള്ള തിരക്കിലാണ് നാട്. സാധനങ്ങളെല്ലാം വാങ്ങി എല്ലാം ഒരുക്കിക്കൂട്ടിയെന്ന് ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആളുകൾ. ഓണസദ്യ കെങ്കേമമാക്കാൻ ഉപ്പുതൊട്ട് കർപ്പൂരം വരെ ചൊവ്വാഴ്‌ച വീടുകളിലെത്തും. കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടി തുകയാണ് ഇത്തവണ അവശ്യസാധനങ്ങൾക്ക്. പലചരക്കിനും പച്ചക്കറിക്കും തീവില. കാണം വിറ്റും ഓണം ഉണ്ണണമെന്ന സ്ഥിതിയിൽ സാധനങ്ങൾ വാങ്ങാനുള്ള ഓട്ടത്തിലാണ് ജനങ്ങൾ. അരി, പച്ചക്കറി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവയ്‌ക്ക് ദിനംപ്രതിയാണ് വില വർധന. ഇക്കൊല്ലം കുത്തനെയാണ് എല്ലാത്തിനും വില കൂടിയത്. വിലക്കയറ്റം പിടിച്ചു വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയമായി. അടുത്ത രണ്ടുദിവസത്തേക്ക് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതിനാൽ കാലാവസ്ഥയും വില്ലനാകുമോയെന്ന ഭീതിയുമുണ്ട്. തിങ്കൾ രാവിലെ മുതൽ പരക്കെ മഴയായിരുന്നു. പ്രതിസന്ധിക്കിടയിലും ഓണാമാഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ഉത്രാടദിനത്തിൽ മാവേലിയെ വീട്ടിൽ ഒരുക്കാനും പൂക്കളമിടാനുള്ള പൂക്കൾ വാങ്ങാനുമായി തിരക്കിലായിരുന്നൂ പൂ വിപണി. മിക്ക സ്ഥാപനങ്ങളിലും പൂക്കള മത്സരമുണ്ടായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല കച്ചവടമായിരുന്നു. മറുനാടൻ പൂക്കളാണ് പൂവിപണി കീഴടക്കിയത്. തെരുവോരക്കച്ചവടവും സജീവമായി.










0 comments