അധ്യാപകർ വേഷമിട്ടു പുലിയച്ഛൻ തരംഗമാകുന്നു

പുലിയച്ഛൻ ഹൃസ്വചിത്രത്തിൽനിന്ന്
കെ എസ് ലാലിച്ചൻ
Published on Aug 25, 2026, 01:33 AM | 1 min read
മാരാരിക്കുളം
അധ്യാപക കൂട്ടായ്മയിൽ വിടർന്ന പുലിയച്ഛൻ ഹ്രസ്വ ചിത്രം ഓണക്കാല ട്രെൻഡ്. ബന്ധങ്ങൾ അന്യമാകുന്ന കാലത്ത് അകന്നുപോയവരെ കൂട്ടിയിണക്കുന്ന കണ്ണികളായ കുട്ടികളുടെ സങ്കടവും വേദനയും മുഖ്യവിഷയമാക്കി തീവ്രമായ കുടുംബ ബന്ധത്തെയാണ് പുലിയച്ഛൻ എടുത്തു കാണിക്കുന്നത്.
ഓണത്തിന്റെ നഷ്ടമായ നന്മകളെ തിരികെ പിടിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഈ ഹ്രസ്വ ചിത്രം. ആദ്യദിവസങ്ങളിൽതന്നെ ആയിരങ്ങളാണ് പുലിയച്ഛൻ കണ്ടത്. പത്തു മിനിറ്റ് ചിത്രത്തിന്റെ പിന്നണിയിൽ ചേർത്തലയിലെ വിവിധ സ്കൂളുകളിലെ പ്രഥമാധ്യാപകരാണ്. തിരുവിഴ ഗവ: എൽ പി എസിലെ പ്രധാനാധ്യാപകൻ ജോൺ ബോസ്‌കാ, നെടുന്പ്രക്കാട് ജിയുപിഎസ് പ്രധാനാധ്യാപകനും സാഹിത്യകാരനുമായ സിബു വെച്ചൂർ, പൊന്നാട് പഞ്ചായത്ത് എൽപിഎസ്
പ്രധാനാധ്യാപിക ഡോ. എൻ വി ഷീല, ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരൻ ദാസ് മാരാരിക്കുളം, ആയുർവേദ ഫാർമസിസ്റ്റ് സിത്താര തുടങ്ങിയവരാണ് അഭിനയിച്ചത്. ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നിഹാരിക എസ് പത്മം ആണ് കുട്ടിയുടെ പ്രധാനവേഷത്തിൽ.
സാഹിത്യകാരനും റിട്ട. അധ്യാപകനുമായ ഷാജി മഞ്ജരിയാണ് കഥ, തിരക്കഥ സംവിധാനം. കാമറ, എഡിറ്റിങ് അഖിൽ ദാമോദർ, റെക്കാർഡിങ് ജിബിൻ ആനന്ദ്, മ്യൂസിക്ക് അനൂപ് ആനന്ദ്, എ ജെ മീഡിയ, മേക്കപ്പ് വിനീത് കൂറ്റുവേലിയുമാണ്. ഫ്രണ്ട്‌സ് ക്രിയേഷനാണ് നിർമാണം .










0 comments