ad
Deshabhimani

നേന്ത്രവാഴക്കുല

വാഴക്കുല വിലവർധനയുടെ നേട്ടം ലഭിക്കാതെ കർഷകർ

വാഴക്കുല
വെബ് ഡെസ്ക്

Published on Aug 25, 2026, 01:31 AM | 1 min read

പുൽപ്പള്ളി ഓണക്കാലത്തെ നേന്ത്രവാഴക്കുലയുടെ വിലവർധയുടെ നേട്ടം ലഭിക്കാതെ കർഷകർ. പ്രധാന വിളവെടുപ്പ്‌ സീസണുശേഷമുണ്ടായ വിലവർധന ഭൂരിഭാഗം കർഷകർക്കും ഗുണകരമായില്ല. 48 രൂപവരെ വില ഉയർന്നപ്പോഴും ഇ‍ൗ വിലയ്‌ക്ക്‌ നൽകാൻ കർഷകരുടെ കൈയിൽ കുലയുണ്ടായില്ല. കാലവർഷത്തിൽ വൻതോതിൽ വാഴക്കൃഷി നശിച്ചതും തിരിച്ചടിയായി. മെയ്‌, ജ‍ൂൺ, മാസങ്ങളിലായിരുന്നു ജില്ലയിലെ പ്രധാന വിളവെടുപ്പ്‌. ഇ‍ൗ കാലയളവിൽ വിലകുറവായിരുന്നു. കിലോ 25 രൂപവരെയാണ്‌ കർഷകർക്ക്‌ ലഭിച്ചത്‌. ഇത്‌ വലിയ നഷ്ടമായി. പിന്നാലെ കാലവർഷം ശക്തിപ്പെട്ടതോടെ വാഴത്തോട്ടങ്ങളിൽ വലിയ നാശമുണ്ടായി. കാറ്റിൽ ഒടിഞ്ഞും വെള്ളം കയറിയും നശിച്ചു. മൂപ്പെത്താത്ത കുലകളാണ്‌ ഭൂരിഭാഗവും നശിച്ചത്‌. കറിവെക്കാനുള്ള കായുടെ വിലയാണ്‌ ഇതിനെല്ലാം ലഭിച്ചത്‌. പലർക്കും വെട്ടിയെടുക്കാൻപോലും സാധിച്ചില്ല. മൂപ്പാകാത്തതിനാൽ ഉപേക്ഷിച്ചവരുമുണ്ട്‌. വിപണിയിൽ വാഴക്കുല വരവ്‌ കുറഞ്ഞതോടെ ഓണം അടുപ്പിച്ച്‌ വില 40 കടന്നു. ചിപ്‌സ്‌ നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി കൂടുതൽ കുലകൾ വേണ്ടിവന്നു. വില ഉയർന്നെങ്കിലും കർഷകരുടെ പക്കൽ ഉൽപ്പന്നമുണ്ടായില്ല. നേരത്തെ രോഗം ബാധിച്ച്‌ വാഴ നശിച്ചതും തിരിച്ചടിയായി. കരയിൽ കൃഷിചെയ്‌ത നേന്ത്രവാഴകൾക്ക് കൃത്യമായ കാലാവസ്ഥ അടിസ്ഥാനത്തിലുള്ള മഴ ലഭിക്കാത്തതിനാൽ വിളവ്‌ കുറയുകയും കേട് ബാധിക്കുകയും ചെയ്തു. ചെറിയ പഴങ്ങൾക്കും ഓണക്കാലത്ത്‌ വില വർധിച്ചു. പൂവൻ വാഴയെ മറികടന്ന് ഞാലിപ്പൂവൻ വില ഉയർന്നു. പൂവന്‍ പഴം ശരാശരി 50 –60 രൂപയ്‌ക്ക്‌ ലഭിച്ചപ്പോൾ ഞാലിപ്പൂവന് 70 രൂപവരെ ഉയർന്നു. മൈസൂർ പൂവനും വിലവർധിച്ചു. 35 രൂപയാണ്‌ കഴിഞ്ഞ ദിവസത്തെ വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home