ലീലാമ്മ ചേച്ചിയുടെ രാജാപ്പി
സസ്‌നേഹം

പാമ്പാടി രാജനും ലീലാമ്മ ചേച്ചിയും ഫോട്ടോ: മനു വിശ്വനാഥ്
പാമ്പാടി
പൂരപ്പറമ്പുകളുടെ ആവേശവും ആയിരങ്ങളുടെ ആരവങ്ങളും ഒഴിയുമ്പോൾ പാമ്പാടിയുടെ മണ്ണിൽ അവശേഷിക്കുന്നത് മനുഷ്യനും മൃഗവും തമ്മിലുള്ള അപൂർവ സ്നേഹക്കാഴ്ച. കേരളത്തിന്റെ ഗജരാജൻ പാമ്പാടി രാജനും മൂടങ്കല്ലുങ്കൽ വീട്ടിലെ ലീലാമ്മ ചേച്ചിയും തമ്മിലുള്ള ബന്ധം ഉടമസ്ഥതയുടെയും പരിചരണത്തിന്റെയും അപ്പുറമുള്ളതാണ്. അതൊരു അമ്മയും മകനും തമ്മിലുള്ള അളവറ്റ വാത്സല്യത്തിന്റെ കഥയാണ്. ലോകം കണ്ട വലിയ കൊമ്പന്മാരിൽ ഒരാളായി വാഴ്‌ത്തുന്പോഴും ഈ തറവാട്ടുമുറ്റത്ത് അവൻ അമ്മയുടെ കൺമണിയായ ‘രാജാപ്പീ'. 1977-ൽ പരേതനായ മൂടങ്കല്ലുങ്കൽ ബേബിയുടെ കൈപിടിച്ച് കോടനാട്ടുനിന്ന് പാമ്പാടിയിൽ എത്തിയ അന്നുമുതൽ രാജൻ കുടുംബത്തിന്റെ ജീവന്റെ പാതിയാണ്. മൂത്ത മകനായ റിജിറ്റ് എം തോമസിന്റെ വീട്ടിലെ വിളിപ്പേര് രാജൻ എന്നാണ്. സ്നേഹസൂചകമായാണ് കൊമ്പനും ആ പേരിട്ടത്. അകാലത്തിൽ വിടപറഞ്ഞു മറ്റു മക്കളായ ഷോബിറ്റും റോബിറ്റും. കുടുംബാംഗങ്ങൾ കൊമ്പനെ ജീവനുതുല്യം സ്നേഹിക്കുന്നു. ആനപ്രേമികളുടെ മനംകവർന്ന് ഗജരാജാവായ പാമ്പാടി രാജൻ ഉത്സവപ്പറമ്പുകളിൽ ആനച്ചന്തത്തിന്റെയും ഗാംഭീര്യത്തിന്റെയും പര്യായമായി കാനനഭംഗിയുടെ പ്രതീകമാണ്. നാല് പതിറ്റാണ്ടിലേറെയായി നാടിന്റെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി തുടരുന്നു. പാമ്പാടി എന്ന കൊച്ചു ഗ്രാമത്തിന്റെ ഖ്യാതി പരത്തിയ രാജൻ പൂരപ്പറമ്പുകളിലെ ജനസാഗരത്തിലൂടെ ലോക മലയാളികളുടെ ഹൃദയവും സ്വന്തമാമാക്കി. മദപ്പാടിന്റെയും മറ്റും കഠിനമായ നാളുകളിലും ലീലാമ്മ ചേച്ചിയുടെ സ്നേഹത്തിന് മുന്നിൽ കൊമ്പൻ ശാന്തനാണ്. ഭയത്തിന്റെ കണികപോലുമില്ലാതെയാണ് ലീലാമ്മ ചേച്ചി കൊമ്പന്റെ അരികിലെത്തുന്നത്. വാത്സല്യത്തോടെ ലീലാമ്മ ചേച്ചി ചോറും പലഹാരങ്ങളും വെച്ചുകൊടുക്കുമ്പോൾ സ്നേഹത്തോടെ വാങ്ങി കഴിക്കുന്നു. മൃഗങ്ങളോടുള്ള ക്രൂരതകൾക്കിടയിൽ സ്നേഹവും പരസ്പരവിശ്വാസവും കൊണ്ട് ഒരു ജീവിയെ എങ്ങനെ വരുതിയിലാക്കാമെന്ന് ഈ തറവാട്ടുമുറ്റം കേരളത്തിന് കാണിക്കുന്നു. തുമ്പിക്കൈ കൊണ്ടുതലോടി അമ്മയോടുള്ള നന്ദിയും സ്നേഹവും രാജൻ കാണിക്കുന്നു. അവിടെ വാക്കുകൾക്ക് അതീതമാണ് അവരുടെ ആത്മബന്ധം. പാപ്പാൻമാരുടെ സമർപ്പിത പരിചരണത്തോടൊപ്പം ഈ അമ്മയുടെ കരുതലും കൂടിയാകുന്പോഴാണ് പാമ്പാടി രാജൻ പൂർണനാകുന്നത്. 1977-ൽ തുടങ്ങിയ ആത്മബന്ധത്തിന്റെ ഇഴയടുപ്പം ചോർന്നുപോകാതെ പാമ്പാടിയുടെ മണ്ണിൽ പടർന്നുപന്തലിക്കുന്നു. ലീലാമ്മ ചേച്ചിയുടെയും പ്രിയപ്പെട്ട രാജാപ്പിയുടെയും സ്നേഹഗാഥ മലയാളക്കരയുടെ ഹൃദയത്തിൽ എന്നും തലയെടുപ്പോടെ നിൽക്കും.










0 comments