മീനച്ചിലാറിന്റെ പതനസ്ഥാനങ്ങൾ തെളിയുന്നു

കോട്ടയം
ജില്ലയിൽ വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള ബൃഹദ്‌പദ്ധതിയുടെ ഭാഗമായി മീനച്ചിലാറിന്റെ വിവിധ പതനസ്ഥാനങ്ങൾ തെളിയുന്നു. മീനച്ചിലാർ–മീനന്തറയാർ–കൊടൂരാർ നദിപുനസംയോജന പദ്ധതിയുടെ ഭാഗമായി ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. തിരുവാർപ്പ് പഞ്ചായത്തിലെ വെട്ടിക്കാട്ടെ പതനസ്ഥാനം തെളിച്ച് നാടിന് സമർപ്പിച്ചു. വെട്ടിക്കാട്ടിൽ വി ഗാർഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ജനകീയ കൂട്ടായ്മയും തിരുവാർപ്പ് പഞ്ചായത്തും യങ് ഇന്ത്യയും വി ഗാർഡും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഏഴ് ലക്ഷം രൂപ സിഎസ്‌ആർ ഫണ്ട് ചെലവഴിച്ചു. ഇനി കൈപ്പുഴമുട്ട്, കവണാർ, പെണ്ണാർ, മുത്തേരിമട എന്നിവിടങ്ങളടക്കം മറ്റ് പതനസസ്ഥാനങ്ങൾകൂടി തെളിക്കാനുണ്ട്. പഴുക്കാനില കായൽ ശുചീകരണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ മീനച്ചിലാറിന്റെ ഒഴുക്ക് കൂടുതൽ സുഗമമാകും. വെട്ടിക്കാട്ടെ ശുചീകരണം മീനച്ചിലാർ–മീനന്തറയാർ–കൊടൂരാർ പുനർസംയോജന പദ്ധതി കോ ഓർഡിനേറ്റർ കെ അനിൽകുമാർ നാടിന് സമർപ്പിച്ചു. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോൻ അധ്യക്ഷയായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, പഞ്ചായത്തംഗം അനീഷ്യ മോഹൻ, പുന്നൻ കുര്യൻ, യങ് ഇന്ത്യ പ്രതിനിധി ബിബിൻ എബ്രഹാം എന്നിവർ സംസാരിച്ചു.










0 comments