ഭരണം മാറിയതോടെ പടി പതിവായി; കൂടുതൽ പേരിലേക്ക് അന്വേഷണം

കോട്ടയം ബാറുകളിൽനിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പണം പതിവായി പിരിക്കുന്നുണ്ടെന്നും പണം നൽകേണ്ടവരുടെ പട്ടിക കൃതമായി ബാറുടമകൾക്ക് നൽകുന്നുണ്ടെന്നും എക്‌സൈസ് കമീഷണർക്ക് മൊഴി ലഭിച്ചതോടെ അന്വേഷണം കൂടുതൽ ജീവനക്കാരിലേക്ക്. ബാറുകളിൽനിന്ന് കൈക്കൂലിയും പാരിതോഷികവും കൈപ്പറ്റിയെന്ന് എക്‌സൈസ് കമീഷണർ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഡെപ്യൂട്ടി കമീഷണർ ഉൾപ്പെടെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു. ഡെപ്യൂട്ടി കമീഷണറെതന്നെ കൈയോടെ പിടികൂടിയതോടെ താഴെ തട്ടിലും അഴിമതിയും പണപ്പിരിവും ശക്തമാണെന്ന വിവരവും തെളിവുകളുമാണ് അധികൃതർക്ക് ലഭിച്ചിട്ടുള്ളത്. ചങ്ങനാശേരിയിലെ ബാറിന്റെ പാർട്‌ണറെ ചോദ്യം ചെയ്‌തപ്പോൾ ഉദ്യോഗസ്ഥർക്ക് ലിസ്‌റ്റ് അനുസരിച്ച് പണം കൊടുക്കുന്നുണ്ടെന്നും എക്സൈസ് അനുമതികളിൽ പ്രശ്നം ഉണ്ടാകാതിരിക്കാൻ ഭയന്നാണ് പണം നൽകുന്നതെന്നും മൊഴി നൽകിയിരുന്നു. ഡെപ്യൂട്ടി കമീഷണർ ബാറിൽവന്ന് 15,000 രൂപ ഇടനിലക്കാരൻ വഴി നൽകാൻ നിർദേശിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകി. കോട്ടയത്തെ ചില ബാറുകൾ അനുവദനീയമായ സമയത്തിന് ശേഷവും പ്രവർത്തിക്കുന്നു എന്ന പരാതിയിൽ നടന്ന അന്വേഷണത്തിലാണ് കൈക്കൂലിയുടെയും നിയമലംഘനങ്ങളുടെയും തെളിവുകൾ പുറത്തുവന്നത്. പണം, മദ്യം, ആനുകൂല്യങ്ങള്‍ എന്നിവ സ്ഥിരമായി ശേഖരിക്കുന്ന അനൗദ്യോഗിക ‘കോന്പ്‌ളിമെന്റ് സിസ്റ്റം' നിലനില്‍ക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. പിരിവിന് പിന്നില്‍ ഒന്നോരണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമല്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെത്തട്ടില്‍ ഉള്ളവര്‍ വരെ ശൃംഖലയുടെ ഭാഗമാണെന്നുമാണ് നിഗമനം. ഉദ്യോഗസ്ഥര്‍ പാരിതോഷികമായി മദ്യവും വാങ്ങുന്നു എന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ബാറില്‍ വന്ന് മദ്യം വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥർ ബാറുടമകളും ഇടനിലക്കാരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അശോക് കുമാറിനെ ചോദ്യം ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ ഫോണിലെ വിവരങ്ങൾ ‘മാഞ്ഞത്’ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. തെളിവുകൾ നിശിപ്പിക്കൽ കുറ്റം ചുമത്തുകയും ചെയ്‌തു. ചോദ്യം ചെയ്യുന്നതിനിടെ ബാർ ഇടനിലക്കാരന്റെ ഫോണിലേക്ക് ആരോപണ വിധേയനായ ഡപ്യൂട്ടി കമീഷണറുടെ വിളിയെത്തിയതും നിർണായക തെളിവായി. സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരുടെ ഫോൺ വിവരങ്ങളും മറ്റും ശേഖരിച്ച് മറ്റ് ജീവനക്കാർക്കുള്ള പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്.










0 comments