print edition വൈദ്യുതിമേഖലയും സ്വകാര്യവൽക്കരണത്തിന്

പി ആർ ചന്തു കിരൺ
Published on Sep 01, 2026, 01:06 AM | 1 min read
തിരുവനന്തപുരം: കെഎസ്‌ഇബിയെ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ. വൈദ്യുതിമേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള സമ്മർദങ്ങളുടെ തുടർച്ചയാണിത്. ഇതടക്കം കരട് നിർദേശത്തിൽ ഏഴിനകം അഭിപ്രായം അറിയിക്കാൻ കെഎസ്‌ഇബിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഓഹരി വിൽപ്പന സ്വകാര്യമേഖലയ്‌ക്ക് ആധിപത്യം സ്ഥാപിക്കാൻ വഴിയൊരുക്കും. സ്വകാര്യവൽക്കരണ നയത്തെ സ്വാഗതം ചെയ്യുന്ന യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് കേന്ദ്രം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. വൈദ്യുതി ഉൽപ്പാദന, വിതരണ മേഖലയിലെ വൻകിട സ്വകാര്യ കന്പനികളുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് മോദി സർക്കാരിന്റെ തീരുമാനങ്ങളിലൂടെ പുറത്തുവരുന്നത്. കേന്ദ്രത്തോട് ഏറ്റുമുട്ടാനില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാർ സ്വകാര്യവൽക്കരണ നീക്കത്തെ പിന്തുണയ്ക്കുന്ന സമീപനമായിരിക്കും സ്വീകരിക്കുക.
കേന്ദ്ര നിബന്ധനയനുസരിച്ച് ബോംബെ ഓഹരി വിപണി (ബിഎസ്‌ഇ)യിലോ നാഷണൽ ഓഹരി വിപണി (എൻഎസ്‌ഇ) യിലോ ഓഹരികൾ വിൽപ്പനയ്‌ക്ക് വയ്‌ക്കേണ്ടിവരും. എത്ര ശതമാനം ഓഹരിയാണ് വിൽക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. വൈദ്യുതി വിതരണ കന്പനിയുടെ 2021–22 മുതൽ 2025–26 സാന്പത്തിക വർഷത്തെ നഷ്‌ടം ഏറ്റെടുക്കാമെന്ന സമ്മതപത്രം വീണ്ടും സർക്കാർ നൽകണമെന്നും സ്‌മാർട് മീറ്ററിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. വൈദ്യുതി വിതരണം പൂർണമായി സ്വകാര്യവൽക്കരിച്ചവർ സമ്മതപത്രം നൽകേണ്ട. കെഎസ്‌ഇബി പൂർണമായി സ്വകാര്യവൽക്കരിച്ചിട്ടില്ലാത്തതിനാലാണ് സർക്കാർ സമ്മതപത്രം നൽകേണ്ടത്.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലടക്കം നടപ്പാക്കണമെന്നാണ് യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിൽ പറയുന്നത്. കെഎസ്‌ഇബി നഷ്‌ടത്തിലാണെന്ന തെറ്റായ വാദവും ധവളപത്രത്തിലുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും സ്വകാര്യവൽക്കരണനീക്കം നടത്തിയിരുന്നു. കേന്ദ്രനിബന്ധന പാലിക്കാൻ കെഎസ്‌ഇബിക്ക് ബാധ്യതയില്ല. എന്നാൽ, പരിഷ്‌കാരം നടപ്പാക്കിയാലേ സംസ്ഥാനത്തിന് 0.5 ശതമാനം അധിക കടമെടുപ്പ് പരിധി അംഗീകരിക്കു എന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്.
സ്‌മാർട്‌മീറ്റർ പദ്ധതിയിലും ഇതേ തന്ത്രമാണ് പയറ്റിയത്. സ്‌മാർട്‌മീറ്റർ വിതരണവും സ്ഥാപിക്കലും സ്വകാര്യകന്പനികൾക്ക് കൈമാറുന്ന ടോട്ടക്‌സ് മാതൃക ചെറുത്ത് എൽഡിഎഫ് സർക്കാർ കെഎസ്‌ഇബിയുടെ നിയന്ത്രണത്തിൽ കാപക്‌സ് മാതൃക നടപ്പാക്കി. ഏറ്റവും ചെലവുകുറഞ്ഞ ബദൽ മാതൃകയായി അതുമാറുകയും ചെയ്തു.










0 comments