ad
Deshabhimani

ലഹരിക്കച്ചവടക്കാരെ പൂട്ടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 26, 2026, 12:23 AM | 1 min read

കോട്ടയം

സ്‌കൂളുകൾ തുറക്കുന്നതിന്‌ മുമ്പേ ജില്ലയിലെ ലഹരിസംഘങ്ങളെ ഒതുക്കാൻ പൊലീസും എക്‌സൈസും. കുട്ടികളെ ലക്ഷ്യമിട്ട്‌ ലഹരിക്കച്ചവടക്കാർ ജൂണിൽ സജീവമാകാറുണ്ട്‌. ഇവരെ അകത്താക്കുന്നതിനൊപ്പം വിദ്യാലയങ്ങളുടെ സമീപത്ത്‌ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെയും കർശന നടപടിയുണ്ടാകും.അനധികൃത ലഹരി ഉപയോഗം കണ്ടെത്താനും തടയാനും വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ കലക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന നാർകോ കോ ഓർഡിനേഷൻ സെന്റർ (എൻകോർഡ്) ജില്ലാതല യോഗം തീരുമാനിച്ചു. പൊലീസ്, എക്‌സൈസ്, റെയിൽവേ സുരക്ഷാസേന, ഡ്രഗ്സ് കൺട്രോൾ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയെ ഏകോപിപ്പിച്ചാണ് പരിശോധന. ഇതിനായി വകുപ്പുകളിൽ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയാൻ കർശന നടപടിയെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ ലഹരി ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും നടക്കുന്നില്ലെന്ന് ഉറപ്പാക്കും. വിദ്യാർഥികൾക്കായി വൈദ്യ പരിശോധനാ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും നടത്തും. കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്‌ കണ്ടെത്തിയാൽ കൗൺസലിങ്‌ നൽകും. ലഹരിയിൽനിന്ന് മോചിതരാകാനുള്ള സഹായവും നൽകും. ജില്ലയിലെ ഡ്രഗ് ഹോട്സ്‌പോട്ടുകൾ കണ്ടെത്തി കൂടുതൽ പരിശോധനകൾ നടത്തും. കൊറിയർ സർവീസ് വഴി ലഹരി ഉൽപന്നങ്ങൾ എത്താനുള്ള സാധ്യതയടക്കം നിരീക്ഷിക്കും. ലഹരി മോചനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ലഹരിസംബന്ധമായ വിവരങ്ങൾ ദേശീയ നർകോട്ടിക്‌സ്‌ പോർട്ടലായ മാനസിന്റെ 1933 എന്ന ഹെൽപ് ലൈൻ നമ്പരിൽ അറിയിക്കാം. ലഹരിയിൽനിന്ന് മോചനമാഗ്രഹിക്കുന്നവർക്ക് 14405 എന്ന ടോൾഫ്രീ നമ്പരിൽ വിമുക്തി ബോധവൽക്കരണ മിഷനുമായി ബന്ധപ്പെടാം. കലക്ടറുടെ ചേന്പറിൽ ചേർന്ന യോഗത്തിൽ എഡിഎം ലിറ്റി ജോസഫ്, കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി കെ ആർ ബിജു, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home