അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
ജില്ലാ മത്സരം ഇന്ന്

കോട്ടയം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് സീസൺ 15ന്റെ ജില്ലാ മത്സരങ്ങൾ ഞായറാഴ്ച നടക്കും. 13 ഉപജില്ലകളിലായി നടന്ന മത്സരത്തിൽ വിജയിച്ച വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ജില്ലാ മത്സരം തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതിന് എംജി സർവകലാശാല പ്രൊഫസർ അജു കെ നാരായണൻ ഉദ്‌ഘാടനംചെയ്യും. സിപിഐ എം ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതൻ അധ്യക്ഷനാകും. നടൻ ജയശങ്കർ കാരിമുട്ടം മുഖ്യാതിഥിയാകും. പ്രസംഗമത്സരവും സയൻസ് പാർലമെന്റും നടക്കും. വിദ്യാർഥികൾക്ക് ശാസ്‌ത്രാവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സയൻസ് പാർലമെന്റിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ പങ്കെടുക്കും. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസും സാമൂഹിക പുരോഗതിയും’ എന്ന വിഷയം ടെക്‌ജെൻഷ്യ സിഇഒ ജോയി സെബാസ്റ്റ്യൻ അവതരിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ സബ്‌ജില്ലാ മത്സരത്തിൽ വിജയിച്ചപ്പോൾ ലഭിച്ച സാക്ഷ്യപത്രം കൊണ്ടുവരണം. സ്‌കൂളിലെ തിരിച്ചറിയൽ കാർഡ് ധരിക്കണം. ജില്ലാമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും പ്രൈസ് നൽകും. ഇതോടൊപ്പം മെമന്റോയും സർട്ടിഫിക്കറ്റും നൽകും. വിദ്യാർഥിസമൂഹം ആഘോഷമാക്കുന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന്റെ മൂന്നാംഘട്ടമാണ് ജില്ലാതല മത്സരം. പുത്തനറിവുകൾ തേടാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്ന അക്ഷരമുറ്റത്തിൽ ഇൗ സീസണിലും ജില്ലയിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾ പങ്കാളികളായി. മത്സരം എന്നതിലുപരി ആഘോഷമായ ടാലന്റ് ഫെസ്‌റ്റിൽ സ്‌കൂൾതലം മുതൽ സംസ്ഥാനതലംവരെ വിജയികൾക്ക് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. വെൻകോബ് പ്രൈസ് സ്പോൺസറും ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, ആംകോസ്, ജെ എൻ ലൈറ്റിങ്സ്, ധർമപ്രിയ ഫിനാൻസ് എന്നിവർ സഹപ്രായോജകരുമാണ്.









0 comments