രോഗബാധ ഉയരുന്നു
ആശങ്ക കൂട്ടി ഡെങ്കിപ്പനി

സ്വന്തം ലേഖിക
കോട്ടയം
കാലവർഷം എത്തുംമുമ്പേ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതിൽ ആശങ്ക. ചൊവ്വാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം 44 പേർക്കാണ് ഔദ്യോഗികമായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം ഇനിയും ഉയർന്നേക്കാം. ഇടവിട്ടുള്ള മഴയാണ് കൊതുക് വ്യാപനത്തിന് കാരണം. വിവിധ പ്രദേശങ്ങളിൽ രോഗം പടരുന്നുണ്ട്. കടനാട്ടിലാണ് ഏറ്റവും കൂടുതൽ ബാധിത ർ. വെള്ളൂർ, തലപ്പലം എന്നിവിടങ്ങളിലും കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കടനാട് 23, വെള്ളൂർ 14, തലപ്പലത്ത് ഏഴ് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ശുചീകരണ പ്രവർത്തനങ്ങൾ വേണ്ടവിധം മുന്നോട്ടുനീങ്ങാത്തത് രോഗം പടരാൻ കാരണമായിട്ടുണ്ട്. ശുചീകരണം നടത്തുന്നതിൽ മിക്ക പഞ്ചായത്തുകളും നഗരസഭകളും മെല്ലെപ്പോക്ക് തുടരുകയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. ഈഡിസ് കൊതുകാണ് രോഗം പരത്തുന്നത്. ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, ടെറസ്സ്, പൂച്ചട്ടികൾ, സൺഷെയ്‌ഡുകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ എടുക്കാനും അധികൃതർ നിർദേശിക്കുന്നു.










0 comments