സൂക്ഷിക്കണം ഡെങ്കിപ്പനിയെ

കോട്ടയം
ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടുന്നു. വെള്ളിയാഴ്ച മാത്രം മൂന്ന് പേർക്കാണ് ഔദ്യോഗികമായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 13 കേസുകളും റിപ്പോർട്ട് ചെയ്‌തു. 151 പേരാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത്. ഇടവിട്ടുള്ള മഴയാണ് കൊതുക് വ്യാപനത്തിന് കാരണം. വിവിധ പ്രദേശങ്ങളിൽ രോഗം പടരുന്നുണ്ട്. മിക്ക പഞ്ചായത്തുകളും നഗരസഭകളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താത്തതിന്റെ പ്രത്യാഘാതം മാസങ്ങൾ പിന്നിടുംതോറും കൂടുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾ വേണ്ടവിധം മുന്നോട്ടുനീങ്ങാത്തത് രോഗം വ്യാപിക്കാൻ കാരണമായി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. ഡ്രൈ ഡേ ആചരണത്തില്‍ പൊതുജനങ്ങളും സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തണം. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. വെള്ളം കെട്ടി നിൽക്കുന്നതോ നിൽക്കാൻ ഇടയുള്ളതോ ആയ സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, ടെറസ്, പൂച്ചട്ടികൾ, സൺഷെയ്‌ഡുകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.











0 comments