ad
Deshabhimani

പാചകവാതക വിലവർധനയുടെ പേരിൽ

തോന്നുംപടി വില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 15, 2026, 12:51 AM | 2 min read

കോട്ടയം

പാചകവാതക വില വർധനയുടെ പേരിൽ ജില്ലയിൽ ഭക്ഷണ സാധനങ്ങൾക്ക്‌ ഇ‍ൗടാക്കുന്നത്‌ തോന്നുംപടി വില. വാണിജ്യ സിലിണ്ടർ വില വർധനയുടെ പേരിലാണ്‌ വില വർധനയെങ്കിലും ഒരു മാനദണ്ഡവും പാലിക്കാതെയാണ്‌ ഹോട്ടൽ വിഭവങ്ങൾക്ക്‌ വില ഇ‍ൗടാക്കുന്നത്‌. ഒരേ നിലവാരമുള്ള ഹോട്ടലുകളിൽ പല നിരക്കിലാണ്‌ വില. അമിതമായ വില ഇ‍ൗടാക്കുന്നുണ്ടോയെന്നുള്ള പരിശോധനകൾ സർക്കാർതലത്തിൽ നടത്തുന്നുമില്ല. വില വിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന്‌ കർശന നിയമമുണ്ടെങ്കിലും പല സ്ഥാപനങ്ങളിലും പട്ടികയില്ല. ഇവർക്കെതിരെ നടപടിയെടുക്കേണ്ട ലീഗൽ മെട്രോളജി വകുപ്പ്‌ പരിശോധന നടത്തുന്നില്ല. യാതൊരു നിയന്ത്രണവുമില്ലാതായതോടെ ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരാണ്‌ വട്ടം ചുറ്റുന്നത്‌. പാചകവാതക വില കുത്തനെ കൂട്ടാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിന്‌ പിന്നാലെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, കാന്റീനുകൾ, ബേക്കറികൾ തുടങ്ങിയ ഭക്ഷ്യോൽപ്പന്ന വിപണന കേന്ദ്രങ്ങളിലെല്ലാം വില കൂട്ടി. വിഭവങ്ങൾക്കനസുരിച്ച്‌ രണ്ടുമുതൽ 50 രൂപ വരെ കൂടിയിട്ടുണ്ട്‌. 10 –12 രൂപയായിരുന്ന ചായയുടെ വില വിവിധ ഹോട്ടലുകളിൽ 15 – 20 രൂപവരെയായി. കാപ്പിക്ക്‌ 20 മുതൽ 25 രൂപവരെയായി. 12 രൂപയുണ്ടായിരുന്ന പൊറോട്ട വില 15 മുതൽ 23 രൂപവരെയായി. 70 രൂപ ആയിരുന്ന ഉ‍ൗണിന്‌ 90 മുതൽ 130 രൂപ വരെയായി. ബിരിയാണിക്ക്‌ 10 മുതൽ 40 രൂപ വരെ കൂടി. നോൺ വെജ് കറികൾക്കും ഫ്രൈകൾക്കും 20 മുതൽ 50 രൂപ വരെ കൂട്ടി. വെജിറ്റേറിയൻ ഹോട്ടലുകളിൽ നെയ്‌റോസ്‌റ്റിനും മസാല ദോശയ്‌ക്കുമെല്ലാം 10 മുതൽ 30 രൂപ വരെ കൂട്ടി. ​ ബീഫ്‌ കിട്ടാനില്ല, 
ചിക്കനും വിലകൂടി അയൽസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി വരവ്‌ കുറഞ്ഞതോടെ മാട്ടിറച്ചി കിട്ടാനില്ല. കന്നുകാലികളെ സുരക്ഷിതമായി കൊണ്ടുവരാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സ‍ൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്‌ മീറ്റ്‌ ഇൻഡ്‌സ്ട്രീസ്‌ വെൽഫയർ അസോസിയേഷൻ മീറ്റ്‌ സ്‌റ്റാളുകൾ അടച്ചിട്ട്‌ സമരത്തിലാണ്‌. ബീഫിന്‌ 450 മുതൽ 500 രൂപവരെയാണ്‌ വില. ബീഫ്‌ ലഭ്യത കുറഞ്ഞതോടെ ചിക്കനും വില കൂടി. 150 മുതൽ 180 രൂപവരെയായി ചിക്കൻ വില. വിലവർധന അനിവാര്യമെന്ന്‌ വ്യാപാരികൾ പാചകവാതക വില താങ്ങാനാകാത്തവിധം കൂട്ടിയതിനാൽ വിഭവങ്ങൾക്ക്‌ വില കൂട്ടാതെ പിടിച്ചുനിൽക്കാനാകില്ലെന്ന്‌ ഹോട്ടലുടമകൾ പറയുന്നു. ഇപ്പോഴും വേണ്ടത്ര സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ കരിഞ്ചന്തയിൽനിന്ന് ക‍ൂടിയ വിലയ്‌ക്ക് ഗ്യാസ് വാങ്ങേണ്ട അവസ്ഥയിലാണ്‌. 19 കിലോ വാണിജ്യ സിലിണ്ടറിന്‌ നിലവിൽ 3100 രൂപ കടന്നു. അഞ്ച്‌ കിലോ സിലിണ്ടറിന്‌ 11 രൂപയും കൂട്ടി. ഇന്ധന വില വർധനയുടെ ഭാഗമായി കടത്തുകൂലി കൂടിയതോടെ സാധനങ്ങൾക്ക്‌ വില കൂടി. പാലിന്റെ വിലയും കൂടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home