print edition വിലകൂട്ടി ദക്ഷിണ റെയിൽവേ: റെയിൽവേ ഭക്ഷണവും പൊള്ളും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ടിക്കറ്റ് നിരക്ക് കൊള്ളയ്ക്കും യാത്രാ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയതിനും പിന്നാലെ ഭക്ഷണത്തിനും വിലകൂട്ടി ദക്ഷിണ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷണത്തിന്റെ നിരക്ക് കുത്തനെ കൂട്ടി. ലഘുഭക്ഷണങ്ങൾ ഉൾപ്പെടെ 60 വിഭവങ്ങളുടെ വില 5 മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചത്.
പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തകർച്ചയെയും വൃത്തിക്കുറവിനെയുംകുറിച്ച് ദിവസേന പരാതികൾ ഉയരുന്നതിനിടെയാണ് യാത്രക്കാരെ കൊള്ളയടിക്കുന്ന നിരക്ക് വർധന. 95 രൂപയായിരുന്ന, മീൻ കറിയോടുകൂടിയുള്ള ഊണിന് ഇനി 110 രൂപ നൽകണം
രണ്ട് ഇഡ്ഡലിക്ക് വില 20ൽനിന്ന് 25 രൂപയാക്കി. ഉഴുന്നുവട, മസാല വട, റവ ഉപ്പുമാവ്, മസാല ദോശ എന്നിവയുടെ വില 25ൽനിന്ന് 30 രൂപയാക്കി. സ്റ്റേഷനുകളിൽ ലഭിക്കുന്ന ഉണ്ണിയപ്പം, ഇടിയപ്പം, അപ്പം, ബോളി എന്നിവയുടെ വില 15ൽനിന്ന് 20 ആക്കി. സുഖിയന്റെ വില 30ൽനിന്ന് 40 രൂപയും പുട്ടിന് 30 രൂപയും കടലക്കറിക്ക് 45 രൂപയുമായി.
ടിക്കറ്റ് നിരക്ക് അടിക്കടി കൂട്ടുകയും മുതിർന്ന പൗരന്മാർക്കുള്ള യാത്രാഇളവുകൾ പൂർണമായും നിർത്തലാക്കുകയും ചെയ്തതിനുപിന്നാലെയാണ് ഭക്ഷണത്തിനും തീവില ഏർപ്പെടുത്തിയത്. റെയിൽവേയുടെ ജനവിരുദ്ധ നടപടിക്കെതിരെ യാത്രക്കാർക്കിടയിൽ പ്രതിഷേധം ഉയരുകയാണ്.










0 comments