ഇടിക്കൂട്ടിലെ കരുത്ത്

ആതിര കെ പ്രകാശ്

പി അഭിഷേക്
Published on Sep 13, 2026, 12:50 AM | 1 min read
മലപ്പുറം
"മരംകേറി പെണ്ണെ'ന്ന വിളിയിലൊന്നും നിലമ്പൂര്‍ പൂക്കോട്ടുംപാടം തോട്ടേക്കാടിലെ ആതിര കെ പ്രകാശിനെ തളര്‍ത്താനാകില്ല. പരിഹാസങ്ങളെയെല്ലാം "ഒറ്റയിടിക്ക്' തരിപ്പണമാക്കിയാണ് അവള്‍ സ്വപ്നങ്ങള്‍ക്ക് പിന്നാലെ കുതിക്കുന്നത്. മലയോര ഗ്രാമത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടി, കൊച്ചിയിലെ പ്രമുഖ ഫൈറ്റിങ് ക്ലബ്ബില്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ട്രെയിനറായി വളര്‍ന്നത് വര്‍ഷങ്ങളുടെ അധ്വാനത്തിന്റെകൂടി പിന്‍ബലത്തിലാണ്.
കുട്ടിക്കാലംമുതല്‍ ആതിരയ്ക്ക് കായിക മേഖലയോടായിരുന്നു താല്‍പ്പര്യം. നാട്ടിലെ ഗ്രൗണ്ടില്‍ സഹോദരനൊപ്പം ക്രിക്കറ്റ് കളിക്കാന്‍ അവളും പോയി. പൂക്കോട്ടുംപാടം ജിഎച്ച്എസ്എസില്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംസ്ഥാന ടീമിലും ഉള്‍പ്പെട്ടു. കായികാധ്യാപികയാകണമെന്ന ആഗ്രഹത്താല്‍ കലിക്കറ്റ് സര്‍വകലാശാലയില്‍ ബിപിഎഡിന് (ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍) ചേര്‍ന്നു. അവിടെനിന്ന് ക്രിക്കറ്റ്, ഫുട്ബോള്‍, സോഫ്റ്റ്ബോള്‍, ബേസ്ബോള്‍, കബഡി തുടങ്ങി ഒമ്പതോളം ഇനങ്ങള്‍ പഠിച്ചു. സോഫ്റ്റ് ബോള്‍ സര്‍വകലാശാലാ ടീമില്‍ ഉള്‍പ്പെട്ടു. എംപിഎഡ് പഠനകാലത്ത് ക്രിക്കറ്റ്, ഫുട്ബോള്‍, സോഫ്റ്റ്ബോള്‍, ബോള്‍ ബാഡ്മിന്റണ്‍ എന്നിവയില്‍ കണ്ണൂര്‍ സര്‍വകലാശാലാ ടീമിന്റെ ഭാഗമായി.
ജൂഡോ പഠിച്ചതോടെയാണ് മാര്‍ഷ്യല്‍ ആര്‍ട്സിനോട് താല്‍പ്പര്യംതോന്നിയത്. പിജി കഴിഞ്ഞതോടെ ഈ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. ബോക്സിങ്, കിക്ക് ബോക്സിങ്, മുയ് തായ് (muay thai), ഡിജെജെ (ഗ്രാപ്ലിങ്) എന്നിവ പഠിച്ചെടുത്തു. നിരവധി മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി. 2023ല്‍ കെ വണ്‍ നാഷണല്‍ കിക്ക് ബോക്സിങ് ചാന്പ്യന്‍ഷിപ്പിലും കഴിഞ്ഞവര്‍ഷം ഐഎഫ്എല്‍ പ്രോ മുയ് തായ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി. കായികമേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കണമെന്നാണ് ഇരുപത്തിയൊമ്പതുകാരിയുടെ ആഗ്രഹം. ഓട്ടോ ഡ്രൈവറായ കെ പ്രകാശന്റെയും ഷീനയുടെയും മകളാണ്. അര്‍ജുനാണ് സഹോദരന്‍.








0 comments