സമരവഴിയിലെ മുഹമ്മദലി


സ്വന്തം ലേഖകൻ
Published on Sep 13, 2026, 12:54 AM | 2 min read
മഞ്ചേരി
വീടിനുമുന്നിൽ സദാസമയം പൊലീസ് കാവൽ. എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാമെന്ന ഭീഷണി. ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിട്ടും ഒരുമാസത്തോളം ഇവിടേക്ക് കയറാതെ ഒളിവിൽകഴിയേണ്ടിവന്ന നാളുകൾ. എന്നാൽ തൊഴിലാളികളുടെ അവകാശപ്പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു മഞ്ചേരി രാമംകുളം കല്ലായി മുഹമ്മദലി.
സിഐടിയു ജില്ലാ സമ്മേളനത്തിന് മഞ്ചേരിയുടെ മണ്ണ് വേദിയാകുമ്പോൾ ചരിത്രത്തിലെ ആവേശകരമായ ആ സമര ഏടുകൾ പങ്കുവയ്ക്കുകയാണ് കെഎസ്ഇബി സീനിയർ സൂപ്രണ്ടായി വിരമിച്ച കല്ലായി മുഹമ്മദലി. 2003ൽ വിരമിച്ച മുഹമ്മദലി സിഐടിയു രൂപീകരണകാലംമുതൽ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. സമരങ്ങൾക്ക് നേതൃത്വം നൽകിയതിനൊപ്പം ജയിൽശിക്ഷയും പൊലീസ് വേട്ടയും നേരിട്ടു.
1973ലാണ് മുഹമ്മദലി തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. ജൂനിയർ സൂപ്രണ്ടായിരുന്ന അദ്ദേഹം കെഎസ്ഇബി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഭാരവാഹിയായി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായെങ്കിലും സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെയാണ് 1978ൽ സിഐടിയു നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചത്.
മുഹമ്മദലി സമരസമിതി ജില്ലാ കൺവീനറായി. മഞ്ചേരി ഡിവിഷണൽ ഓഫീസിനുകീഴിലെ നൂറിലധികം ജീവനക്കാരും സമരത്തിൽ അണിനിരന്നു. ഓഫീസ് പൂർണമായി അടഞ്ഞു. വൈദ്യുതി വിതരണം താളംതെറ്റി.
51 ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കാനും ആനുകൂല്യങ്ങൾ പരിഗണിക്കാനും സർക്കാർ ഉത്തരവിറക്കി. വിവിധ വർഗ ബഹുജന സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. എന്നാൽ സമരക്കാരെ വീടുകയറി അറസ്റ്റ് ചെയ്യുന്നത് പൊലീസിന്റെ പതിവായി. സമരം അവസാനിപ്പിച്ചശേഷവും തൊഴിലാളികളോടുള്ള വിവേചനം തുടർന്നതോടെ പോരാട്ടവും തുടർന്നു.
ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വീണ്ടും നിർത്തലാക്കുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ 1983ൽ 14 ദിവസവും 84ൽ 35 ദിവസവും സമരം നടന്നു. 11 കെവി ലൈനുകൾ ഉൾപ്പെടെയുള്ളവ തടസ്സപ്പെടുത്തി പ്രതിഷേധം ശക്തമാക്കി. 83ലെ സമരത്തിൽ മക്കരപ്പറന്പ് സ്വദേശി പി ഉണ്ണീൻകുട്ടി രക്തസാക്ഷിയായി.
1986ൽ ശിവദാസമേനോൻ വൈദ്യുതി മന്ത്രിയായതോടെയാണ് ചർച്ചയ്ക്ക് വഴിതുറന്നത്. കേസുകളും മറ്റ് നടപടികളും അവസാനിപ്പിക്കുകയും നിർത്തലാക്കിയ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുകയും ആനുകൂല്യങ്ങളിൽ വർധന വരുത്തുകയുംചെയ്തു. തൊഴിലാളികളുടെ കെട്ടുറപ്പിന്റെയും സന്ധിയില്ലാത്ത പോരാട്ടത്തിന്റെയും വിജയമായിരുന്നു അത്.
ജോർജ് കെ ആന്റണി, ഇ എൻ കേശവൻ, കെ ശങ്കരനാരായണൻ, എ പി പ്രഭാകരൻ എന്നിവർ അന്ന് യൂണിയന്റെ സഹഭാരവാഹികളായിരുന്നു. ഇവരിൽ പലരും സമരത്തിന്റെ പേരിൽ ജയിൽശിക്ഷയും അനുഭവിച്ചു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സിഐടിയു ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, സിപിഐ എം മഞ്ചേരി ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും മുഹമ്മദലി പ്രവർത്തിച്ചു.









0 comments