print edition ബ്രിക്‌സ് ഉച്ചകോടി; പലസ്‌തീന് ഐക്യദാർഢ്യം

ന്യൂഡൽഹി : ഗാസയിലെ ഇസ്രയേൽ കടന്നാക്രമണങ്ങളെ തള്ളിപ്പറഞ്ഞും പലസ്‌തീൻ രാഷ്ട്രത്തിന് അംഗീകാരം ആവശ്യപ്പെട്ടും ബ്രിക്‌സ് ഉച്ചകോടി. അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി അംഗീകരിച്ച് പുറത്തിറക്കിയ ‘ന്യൂഡൽഹി പ്രഖ്യാപന’ത്തിലാണ് ഇൗ നിലപാട്. ഗാസയിൽ വെടിനിർത്തൽ പൂർണമായി നടപ്പാക്കണം. പലസ്‌തീൻ ജനതയെ ബലംപ്രയോഗിച്ച് കുടിയിറക്കാനുള്ള നീക്കം അവസാനിപ്പിക്കണം. ഗാസയിലേക്ക് തടസ്സമില്ലാതെ സഹായങ്ങളെത്തിക്കണം.
നാട്ടുകാരെയും ആശുപത്രികളെയും ലക്ഷ്യമിട്ടുള്ള കടന്നാക്രമണം അവസാനിപ്പിക്കണം– ബ്രിക്‌സ് ആവശ്യപ്പെട്ടു. 2025 ഒക്ടോബറിലെ വെടിനിർത്തൽ കരാറിനുശേഷവും ഗാസയിൽ ആക്രമണങ്ങൾ തുടരുന്നതിൽ കൂട്ടായ്‌മ ആശങ്ക രേഖപ്പെടുത്തി. പലസ്‌തീൻകാരെ നിർബന്ധപൂർവം പുറത്താക്കുന്ന ഒരുനീക്കവും അംഗീകരിക്കില്ലെന്നും പലസ്‌തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങൾ നിഷേധിക്കാനും ഇസ്രായേൽ അധിനിവേശം ദീർഘിപ്പിക്കാനുമുള്ള നടപടികൾ ശരിയല്ലെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര നിയമം, യുഎൻ രക്ഷാസമിതി, പൊതുസഭാ പ്രമേയങ്ങൾ, അറബ് സമാധാന പദ്ധതി എന്നിവയ്ക്കനുസൃതമായി 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായ പരമാധികാരവും സ്വാതന്ത്രവും അതിജീവനശേഷിയുമുള്ള പലസ്‌തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നാണ് ബ്രിക്‌സ് കൂട്ടായ്‌മ നിലപാടെടുത്ത്.
ഇസ്രയേലും പലസ്‌തീനും സമാധാനത്തോടെ സഹവർത്തിക്കുന്ന രണ്ടുരാഷ്ട്രങ്ങളെന്ന പരിഹാരമാണ് ലക്ഷ്യമിടേണ്ടത്. പലസ്‌തീൻ ജനതയെ താൽക്കാലികമായോ സ്ഥിരമായോ മാറ്റിപാർപ്പിച്ച് ഗാസയുടെ ഭൂമിശാസ്‌ത്രപരവും ജനസംഖ്യാപരവുമായ ഘടനകളിൽ മാറ്റം വരുത്താനുള്ള നീക്കങ്ങളെ ബ്രിക്‌സ് ശക്തമായി എതിർത്തു.
പട്ടിണിയെ യുദ്ധരീതിയായി പ്രയോഗിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും സംയുക്ത പ്രസ്‌താവന വിമർശിച്ചു. പലസ്‌തീൻ അഭയാർഥികൾക്കുള്ള യുഎൻ ഏജൻസിയായ യുഎൻ ആർഡബ്ലിയുഎയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.









0 comments