ad
Deshabhimani

print edition തുല്യതാ ക്ലാസുകളടക്കം അനിശ്‌ചിതത്വത്തിൽ: സാക്ഷരതാ മിഷൻ 
അടച്ചുപൂട്ടുമെന്ന് ഭീഷണി

thulyatha
avatar
ബിജോ ടോമി

Published on Sep 13, 2026, 12:50 AM | 1 min read

തിരുവനന്തപുരം : ലക്ഷക്കണക്കിനുപേരെ അക്ഷരമുറ്റത്തേക്ക്‌ നയിച്ച സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ യുഡിഎഫ്‌ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ അനിശ്‌ചിതത്വത്തിൽ. രാഷ്‌ട്രീയ നിയമനങ്ങളും മേഖലയുമായി ബന്ധമില്ലാത്തവരെ ഉന്നത തസ്‌തികയിൽ പ്രതിഷ്‌ഠിച്ചതുമാണ്‌ സാക്ഷരതാമിഷനെ തകർക്കുന്നത്‌. ആഗസ്‌തിൽ തുടങ്ങേണ്ടിയിരുന്ന തുല്യതാ പഠനക്ലാസുകൾ രജിസ്‌ട്രേഷൻ നടക്കാത്തതിനാൽ സ്തംഭിച്ചിരിക്കുകയാണ്‌.


ഓരോ ജില്ലയ്‌ക്കും ടാർജറ്റ്‌ നിശ്‌ചയിച്ച്‌ നൽകിയിരിക്കുകയാണ്‌. ടാർജറ്റ്‌ തികച്ചില്ലെങ്കിൽ ശമ്പളം നൽകില്ലെന്നാണ്‌ ജില്ലാ പ്രോജക്‌ട്‌ കോർഡിനേറ്റർമാരുടെയും അസി. പ്രോജക്‌ട്‌ കോർഡിനേറ്റർമാരുടെയും ഓൺലൈൻ യോഗത്തിൽ അസിസ്റ്റന്റ്‌ ഡയറക്‌ടർ എം കെ ഫവാസ് ഭീഷണി മുഴക്കിയത്‌. സാക്ഷരത മിഷൻ അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പ്‌ നൽകി.

തദ്ദേശ വകുപ്പിന്‌ കീഴിലായിരുന്ന മിഷനെ യുഡിഎഫ്‌ സർക്കാർ വിദ്യാഭ്യാസ വകുപ്പിലേക്ക്‌ മാറ്റിയിരുന്നു. എന്നാൽ പ്രേരക്‌മാരെ തദ്ദേശ വകുപ്പിലാക്കുകയും ചെയ്‌തു. ഇതോടെ പഞ്ചായത്തിലെ ജോലികൾകൂടി പ്രേരക്‌മാരുടെ ചുമതലയായി. ബീഹാർ യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസർ അഹമ്മദ് അബ്‌ദുൽ കബീർ ആണ്‌ സാക്ഷരത മിഷൻ ഡയറക്‌ടറായി നിയമിതനായത്.


മലയാളത്തിൽ പ്രാവീണ്യമില്ലാത്ത അബ്‌ദുൽ കബീർ മറ്റൊരാളുടെ സഹായത്തോടെയാണ്‌ കാര്യങ്ങൾ മനസിലാക്കുന്നത്‌ എന്നും ആക്ഷേപമുണ്ട്‌. വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ കാണാൻ ഡയറക്‌ടർ കൂട്ടാക്കുന്നില്ലെന്ന്‌ സഹപ്രവർത്തകർ പറയുന്നു. ഇദ്ദേഹത്തിന്റെ അജ്ഞത മുതലെടുത്ത്‌ മറ്റ്‌ ചിലരാണ്‌ സാക്ഷരതാ മിഷൻ ഭരിക്കുന്നത്‌. ക്രമവിരുദ്ധ നിയമനങ്ങൾ സംബന്ധിച്ച്‌ ‘ദേശാഭിമാനി’ വാർത്ത നൽകിയതോടെ കൊല്ലത്ത്‌ ഓഫീസ് അസിസ്റ്റന്റ്‌ ആയി നിയമിക്കപ്പെട്ടയാളോട്‌ തൽക്കാലം ഓഫീസിൽ വരേണ്ടെന്ന്‌ നിർദേശം നൽകിയിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home