പൊറുതി മുട്ടി, രാപ്പകൽ കട്ട്

തുടരേയുള്ള പവർകട്ടിൽ വലയുകയാണ് വിദ്യാർഥികളും. ചിന്നക്കടയിലെ ഒരു സ്വകാര്യ ഹോസ്റ്റലിലെ രാത്രികാല ദൃശ്യം ഫോട്ടോ: എം എസ് ശ്രീധർലാൽ
കൊല്ലം
രാത്രി പീക്ക് അവർ നിയന്ത്രണത്തിന്റെ പേരിലാണ് വൈദ്യുതി കട്ടുചെയ്യുന്നതെങ്കിൽ പകൽ ടച്ചിങ്ങിന്റെയും ക്ലിയറിങ്ങിന്റെയും മറവിൽ വൈദ്യുതി മുടക്കുന്നു. 10 ദിവസത്തിനിടെ മൂന്ന് തവണ ടച്ചിങ്ങിന്റെയും ക്ലിയറിങ്ങിന്റെയും പേര് പറഞ്ഞ് വൈദ്യുതി ഇല്ലാതാക്കിയതിനെതിരെ നിരവധി സ്ഥലങ്ങളിൽ ഉപഭോക്‌താക്കൾ പ്രതിഷേധിച്ചു. എൽടി കേബിൾ മെയിന്റനൻസിനായി സെപ്‌തംബർ ഒന്നിന് കൊല്ലം ഓലയിൽ സെക്‌ഷൻ ഓഫീസിൽനിന്ന് മെസേജ് നൽകിയശേഷം എട്ടിനും 10നും വീണ്ടും ഇതേപേരിൽ മെസേജ് നൽകി. പകൽ രണ്ടുമുതൽ മൂന്നു മണിക്കൂർവരെയാണ് ഇൗ ദിവസങ്ങളിൽ വൈദ്യുതി കട്ട് ചെയ്തത്. നഗരത്തിലെ നിരവധി കേന്ദ്രങ്ങളിൽ സമാനമായ അനുഭവമുണ്ടാകുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. രാത്രി ഏഴു മുതൽ 12.45വരെയാണ് പ്രഖ്യാപിക്കപ്പെട്ട വൈദ്യതി നിയന്ത്രണം. ഒരിടത്തുപോലും നിശ്ചിത സമയക്രമം പാലിക്കുന്നില്ല. പകരം പറഞ്ഞ സമയത്തിനുമുമ്പും ശേഷവും പവർകട്ട് തുടരുകയാണ്. പ്രായമായവർക്കും രോഗികൾക്കും കടുത്ത ചൂടിൽ ഉറക്കം നഷ്‌ടപ്പെടുന്ന സ്ഥിതിയാണ്. ജോലിയും വിദ്യാഭ്യാസവും കഴിഞ്ഞ് വീട്ടിലെത്തുന്ന സമയത്ത് വൈദ്യുതി മുടങ്ങുന്നത് അടുക്കള ജോലിയെയും പഠനത്തെയും ഒരുപോലെ ബാധിക്കുന്നു. പവർകട്ട് വ്യാപാര സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും കനത്ത പ്രഹരമാണ്. ഹോട്ടലുകളും പൂർണമായും പ്രതിസന്ധിയിലായി. പാൽ ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് ഹോട്ടലുകാർ പരിമിതപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയാണ് പവർക്കട്ട്. ദിവസം പല സമയത്തായി 10 തവണ വൈദ്യുതി മുടങ്ങിയതായും പരാതിയുണ്ട്. ഗുരുതര രോഗബാധിതരെ ഉൾപ്പെടെ ദുരിതത്തിലേക്ക് തള്ളിയിരിക്കുകയാണ് സർക്കാർ. വൈദ്യുതി പ്രതിസന്ധി വൻ സാമ്പത്തിക ബാധ്യത വരുത്തിവയ്‌ക്കുന്ന അനുഭവങ്ങളും നിരവധിയുണ്ട്. ഇൻവർട്ടർ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ വൈദ്യുതി ബിൽ കുതിച്ചുകയറുകയാണ്. പവർകട്ട് സമയങ്ങളിൽ ഉപയോഗിക്കുന്ന ഇൻവർട്ടറുകളുടെ ബാറ്ററികൾ വൈദ്യുതി വരുമ്പോൾ വീണ്ടും ചാർജ് ചെയ്യാറുണ്ട്. ഇത്തരത്തിൽ ദിവസവും പല തവണ ചാർജ് ചെയ്യേണ്ടിവരുന്നത് വൈദ്യതി ബിൽ കുത്തനെ ഉയരാൻ കാരണമാകുന്നു. വ്യാപാരികളുടെ പ്രതിഷേധം നാളെ കേരളത്തെ ഇരുട്ടിലാക്കിയ പവർകട്ടും തുടര്‍ന്നുണ്ടായ വ്യാപാരത്തകര്‍ച്ചയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊല്ലം ഏരിയ കമ്മിറ്റി കന്റോണ്‍മെന്റ് കെഎസ്ഇബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനവും ധര്‍ണയും നടത്തും. തിങ്കൾ പകൽ 12ന് കൊല്ലം ഭീമ ജ്വല്ലറിയുടെ മുന്നില്‍നിന്ന് ആരംഭിക്കുന്ന പ്രകടനം കെഎസ്ഇബി ഓഫീസിനുമുന്നില്‍ സമാപിക്കും. സമിതി ജില്ലാ സെക്രട്ടറി മഞ്ജു സുനില്‍ ധർണ ഉദ്ഘാടനംചെയ്യും.









0 comments