ad
Deshabhimani

ശുചീകരണം പാളി, വെള്ളക്കെട്ട്‌ രൂക്ഷം

cleaning

തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്, കോൺക്രീറ്റിന്റെ കമ്പി ഉയർന്നു നിൽക്കുന്നതും കാണാം

വെബ് ഡെസ്ക്

Published on Jun 07, 2026, 01:42 AM | 1 min read

കോട്ടയം

മഴക്കാലപൂർവ ശുചീകരണം പാളിയതോടെ ജില്ലയിലെ വിവിധ റോഡുകളിൽ വെള്ളക്കെട്ട്‌ രൂക്ഷം. മഴ മുന്നിൽകണ്ട്‌ ഓടകൾ തുറന്ന്‌ വൃത്തിയാക്കാത്തതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. മാർക്കറ്റ്‌ റോഡ്‌, തിരുനക്കര ബസ്‌ സ്‌റ്റാൻഡ്‌, നെഹ്‌റു സ്‌റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട്‌ രൂക്ഷമാണ്‌. ​സാധാരണ ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്ന മഴക്കാലപൂർവ ശുചീകരണം കോട്ടയം നഗരസഭ ഇത്തവണ മെയ്‌ അവസാനമാണ്‌ ആരംഭിച്ചത്‌. വേനൽ മഴ ശക്തമായി തുടരുന്നതിനിടെയാണ്‌ നഗരസഭാതല ശുചീകരണത്തിന്റെ ഉദ്‌ഘാടനം നടന്നത്‌. യുഡിഎഫ്‌ ഭരിക്കുന്ന മറ്റ്‌ തദ്ദേശസ്ഥാപനങ്ങളിലും മഴക്കാലപൂർവ ശുചീകരണം താളം തെറ്റി. ഓടകൾ മാലിന്യം കുമിഞ്ഞ്‌ അടഞ്ഞിരിക്കുകയാണ്‌. കാലവർഷമെത്തിയിട്ടും നഗരസഭയിലെ പല ഡിവിഷനുകളിലും മഴക്കാലപൂർവ ശുചീകരണം എങ്ങുമെത്തിയില്ല. ചിലയിടങ്ങളിൽ ശുചീകരണത്തിന്റെ ഭാഗമായി കോരിയിടുന്ന മാലിന്യം മഴയത്ത്‌ ഓടകളിലേക്ക്‌ തിരികെയെത്തുന്ന സ്ഥിതിയുമുണ്ട്‌. ​ഡ്രൈഡേകളില്ല; താളം തെറ്റി ശുചീകരണം മുൻവർഷങ്ങളിൽ ഡ്രൈഡേകൾ നിശ്ചയിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നേരത്തെതന്നെ ആരംഭിച്ചിരുന്നു. പകർച്ചവ്യാധികൾ പടരാതിരിക്കാനും ഇത്‌ അത്യാവശ്യമായിരുന്നു. ശുചീകരണത്തിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വലിയ ക്രമീകരണങ്ങൾ ഒരുക്കാറുണ്ടായിരുന്നു. സർക്കാർതലത്തിലുള്ള ഒരുക്കങ്ങളും ഇത്തവണ താളം തെറ്റി. കുടുംബശ്രീ ഭാരവാഹികൾ, ആശാ പ്രവർത്തകർ, ഹരിതകർമസേന, റെസിഡന്റ്‌സ് അസോസിയേഷനുകൾ, എൻജിഒകൾ, എൻഎസ്എസ്, എൻസിസി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, എസ്‌പിസി, യുവജന സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ- –- സാംസ്‌കാരിക സംഘടനകൾ തുടങ്ങി വിവിധ വിഭാഗം ജനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ്‌ ശുചീകരണം നടത്തേണ്ടത്‌. യുഡിഎഫ്‌ സർക്കാർ വന്നതോടെ ഇത്തരം ശ്രമങ്ങൾ നിലച്ചു. ​പടരും, പകർച്ചവ്യാധികൾ റോഡിലെയും താഴ്‌ന്ന പ്രദേശങ്ങളിലെയും വെള്ളക്കെട്ട്‌ പകർച്ചവ്യാധികൾക്കും ഇടയാക്കും. ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമാണ്‌. 14 പേർക്കാണ്‌ ഇതുവരെ എലിപ്പനി സ്ഥിരീകരിച്ചത്‌. മാടപ്പള്ളി പഞ്ചായത്തിൽ നിരവധി പേർക്ക്‌ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. കുമരകത്തും കാഞ്ഞിരപ്പള്ളിയിലും അടുത്തിടെ അമീബിക്‌ മസ്‌തിഷ്‌കജ്വരവും സ്ഥിരീകരിച്ചിരുന്നു. പകർച്ചവ്യാധികൾ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്‌. വൈറൽ പനിയും വ്യാപകമായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home