ad
Deshabhimani

കെ സി–വി ഡി പോര്‌

ഫ്ലെക്‌സിൽനിന്ന്‌ തെരുവിലേക്ക്‌

മുഖ്യമന്ത്രി

വി ഡി സതീശനെ അനുകൂലിച്ച് കോൺഗ്രസ്‌ പ്രവർത്തകർ പാമ്പാടിയിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on May 09, 2026, 12:26 AM | 1 min read

കോട്ടയം

മുഖ്യമന്ത്രി സ്ഥാനത്തിന്‌ വേണ്ടിയുള്ള കോൺഗ്രസിലെ പോര്‌ ഫ്ലെക്‌സുകളിൽനിന്ന്‌ തെരുവിലേക്കെത്തുന്നു. കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും രമേശ്‌ ചെന്നിത്തലയെയും പിന്തുണച്ച്‌ ജില്ലയിൽ പലയിടത്തും ഫ്ലെക്‌സ്‌ ബോർഡുകൾ ഉയർന്നെങ്കിലും എതിർവിഭാഗക്കാർ എടുത്ത്‌ മാറ്റുന്നുണ്ട്‌. സമൂഹമാധ്യമങ്ങളിലെ തമ്മിലടി തെരുവിലെ പ്രകടനമായി മാറുകയാണ്‌. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട്‌ കുറുപ്പന്തറയിൽ കോൺഗ്രസ്‌ പ്രവർത്തകൻ പെട്ടിഓട്ടോറിക്ഷയുടെ മുകളിൽ കയറിനിന്ന്‌ ദേഹത്ത്‌ പെട്രോളൊഴിച്ചത്‌ സ്ഥലത്ത്‌ ഏറെനേരം ആശങ്കയുണ്ടാക്കി. ജില്ലയിൽ ചിലയിടത്ത്‌ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ പ്രകടനങ്ങൾ നടന്നു. പരസ്യപ്രകടനങ്ങൾ ഒഴിവാക്കാൻ കോൺഗ്രസ്‌ ജില്ലാ നേതൃത്വം ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുന്ന നിലയിലാണ്‌. സതീശനെ അനുകൂലിച്ച്‌ എരുമേലി പഞ്ചായത്തിലെ പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. പുതുപ്പള്ളിയിൽ മുതിർന്ന പ്രവർത്തകൻ വി ഡി സതീശനെ അനുകൂലിക്കുന്ന പ്ലക്കാർഡുമായി നിൽപ്പുസമരം നടത്തി. പാമ്പാടിയിൽ പ്രവർത്തകരുടെ പ്രകടനവും നടന്നു. കോട്ടയമടക്കം മിക്കനഗരങ്ങളിലും കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും രമേശ്‌ ചെന്നിത്തലയെയും അനുകൂലിച്ച്‌ ബോർഡുകളുയർന്നു. കോൺഗ്രസിന്റെ ഒ‍ൗദ്യോഗിക വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളിലും വെല്ലുവിളിയും ഗ്രൂപ്പിസവും നിറയുകയാണ്‌. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമ്പോൾ ഇത്‌ പൊട്ടിത്തെറിയിലേക്ക്‌ നീങ്ങുമെന്ന ആശങ്കയിലാണ്‌ നേതൃത്വം. കെ സി വേണുഗോപാലിനായി പാലായിൽ മൂന്നിടത്ത് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടു. പുഴക്കര പാലത്തിന് സമീപം ആദ്യം സ്ഥാപിച്ച ബോർഡ് എതിർവിഭാഗം മറിച്ചിട്ട് നശിപ്പിച്ചു. റിവർവ്യൂ റോഡിൽ ടൗൺ ബസ് സ്റ്റാൻഡിന് സമീപത്തും കൊട്ടാരമറ്റത്തുമാണ് മറ്റ് രണ്ട് ബോർഡുകളുള്ളത്‌. കറുകച്ചാൽ പൊലീസ്‌ സ്‌റ്റേഷന്‌ മുന്നിൽ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ പിന്തുണയറിയിച്ച്‌ ഫ്ലെക്‌സ്‌ പ്രത്യക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ വെള്ളി വൈകിട്ട്‌ വി ഡി സതീശനെ അനുകൂലിച്ച്‌ പ്രകടനം നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home