ചങ്ങനാശേരിയിൽ ദുരിതാശ്വാസം പാളി
വി എൻ വാസവന്റെ ഇടപെടൽ കിടപ്പുരോഗിക്ക് ആശ്വാസമായി

ചങ്ങനാശേരി ഗവ. എൽപി സ്കൂളിലെ ദുരിതാശ്വസക്യാമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ സന്ദർശിക്കുന്നു
ചങ്ങനാശേരി
ചങ്ങനാശേരി ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാ ക്യാമ്പിൽ കിടപ്പുരോഗിക്ക് ആശ്വാസമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ. ഒരുവർഷമായി പക്ഷാഘാതം വന്ന് കിടപ്പിലായിരുന്ന പൂവം മാമ്പുഴത്തറയിൽ എം ആർ ഗോപിക്കാണ് വി എൻ വാസവന്റെ ഇടപെടലിലൂടെ ചികിത്സ ഉറപ്പാക്കിയത്. ചൊവ്വ വൈകിട്ട് ക്യാമ്പിലെത്തിയ ഗോപിക്ക് ബുധൻ രാവിലെ ഒന്പതിന് അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നഗരസഭ അധികൃതരോ ചെയർമാൻ ജോമി ജോസഫോ വാർഡംഗം അംബിക വിജയനോ തിരിഞ്ഞു നോക്കിയില്ല. എഴുന്നേറ്റ് നില്ക്കാൻ കഴിയാത്ത ഗോപിക്ക് ആംബുലൻസ് സൗകര്യം വേണമെന്ന് രാവിലെ ഭാര്യ ക്യാമ്പ് ചുമതലക്കാരെ അറിയിച്ചെങ്കിലും സൗകര്യം ഏർപ്പെടുത്തിയില്ല. വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ക്യാമ്പിലെത്തി വിവരം തിരക്കിയതോടെയാണ് ഗോപിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കലക്ടറേയും മറ്റു ഉദ്യോഗസ്ഥരെയും ഫോണിലും നേരിൽക്കണ്ടും അടിയന്തരമായി ആംബുലൻസ് സേവനം എത്തിക്കാൻ ആവശ്യപ്പെട്ടു. രണ്ടു ദിവസമാസി ക്യാമ്പിൽ ഭക്ഷ്യ ധാന്യങ്ങളോ കുടിവെള്ളമടക്കമുള്ള ഒരു അടിസ്ഥാന സൗകര്യങ്ങളും ലഭിച്ചില്ലെന്ന് ക്യാന്പിലുള്ളവർ അദേഹത്തോട് പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി സുഗതൻ, ജില്ലാ കമ്മിറ്റിയംഗം പി കെ പത്മകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി എ നിസാർ, പി എ നസീർ, ലോക്കൽ സെക്രട്ടറി എം ആർ ഫസിൽ, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സുനില പ്രസന്നൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.









0 comments