കള്ളക്കേസുകൾ ചുമത്തി സിപിഐ എം വേട്ട

കോട്ടയം പൊലീസിനെ ഉപയോഗിച്ച് സിപിഐ എം പ്രവർത്തകരെ കുടുക്കാനുള്ള നീക്കത്തിൽ യുഡിഎഫ്. ഇതിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടറിയുടെ ഡ്രൈവർ പി എസ് വിഘ്‌നേഷിനെ റൗഡി ലിസ്‌റ്റിൽപ്പെടുത്തിയത്. രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി മുമ്പുണ്ടായ കേസുകളിൽപ്പെടുത്തി മറ്റു ചില സിപിഐ എം പ്രാദേശിക നേതാക്കൾക്കെതിരെയും ഇത്തരം നടപടികളാരംഭിച്ചിട്ടുണ്ട്. ഇതിന് യുഡിഎഫ് പത്രത്തിന്റെ സർവ പിന്തുണയുമുണ്ട് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മണർകാടുണ്ടായ സംഭവവുമായി ബന്ധപ്പെട്ട കേസാണ് വിഘ്‌നേഷിന്റെ പേരിലുള്ളത്. മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ ബിജെപി പ്രവർത്തകരെ ചെറുത്തതിന്റെ പേരിലുണ്ടായ കേസ് ഇപ്പോൾ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ പൊലീസ് ഉപയോഗിക്കുകയാണ്. ഇതോടൊപ്പം, ഫോണിൽ ഒരു കുടുംബത്തിനെതിരെ ഭീഷണി മുഴക്കിയെന്ന കള്ളക്കേസും ചാർത്തിയാണ് വിഘ്‌നേഷിനെ റൗഡി ലിസ്‌റ്റിൽപ്പെടുത്തിയത്. വിഘ്‌നേഷിന്റെ പേരിൽ നാല് കേസുണ്ടെന്ന കള്ളവും മനോരമ പറഞ്ഞു. റൗഡി ലിസ്‌റ്റിൽപ്പെടുത്തിയെന്ന് ഒരു കടലാസ് പോലും നൽകാതെ പൊലീസ് വീട്ടിൽ വന്ന് അച്‌ഛനമ്മമാരുടെ മുമ്പിൽ വച്ച് വിഘ്‌നേഷിനെ അറസ്‌റ്റുചെയ്‌ത് കൊണ്ടുപോകുകയായിരുന്നു. മണർകാട്, അയർക്കുന്നം ഭാഗത്തെ സിപിഐ എം പ്രവർത്തകരെയാണ് റൗഡി ലിസ്‌റ്റിൽ പ്പെടുത്താനും കള്ളക്കേസിൽ കുടുക്കാനുമുള്ള ശ്രമം പൊലീസ് ആരംഭിച്ചത്. യുഡിഎഫിന് അനഭിമതരായവർക്ക് റൗഡി ലിസ്‌റ്റ് സമൻസ് അയക്കുകയാണ് പൊലീസ്. പലരെയും ഫോണിൽ വിളിച്ച് അറിയിക്കുന്നതല്ലാതെ യാതൊരു രേഖയുമില്ല. ഗുരുതരമായ ക്രിമിനൽ കേസുകളുള്ള നിരവധി ബിജെപി, കോൺഗ്രസ് പ്രവർത്തകർ ഇതേ പൊലീസിന്റെ മൂക്കിനു താഴെ വിലസുമ്പോഴാണ് രാഷ്‌ട്രീയ കേസുകൾ മുതലെടുത്ത് സിപിഐ എം പ്രവർത്തകരെ വേട്ടയാടുന്നത്.











0 comments